ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനും ഗവർണർക്കും എതിരായി സമർപ്പിച്ച പ്രതിപക്ഷത്തിന്റെ ഹർജിയിൽ ഇന്ന് സുപ്രീംകോടതി തീരുമാനമെടുക്കും. പത്തരയ്ക്കാണ് തീരുമാനം അറിയിക്കാനായി കോടതി ചേരുന്നത്. ഇതിനിടെ, ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാനും തീരുമാനിച്ചു. തങ്ങൾക്കൊപ്പമുള്ള എംഎൽഎമാരുടെ ഒപ്പോടു കൂടിയ സത്യാവാങ്മൂലമാണ് സുപ്രീംകോടതിയിൽ സമർപ്പിക്കുക. എട്ട് പേർ സ്വതന്ത്ര എംഎൽഎമാർ ഉൾപ്പടെ 154 എംഎൽഎമാർ സത്യവാങ്മൂലത്തിൽ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് സൂചന.
നേരത്തെ സ്വതന്ത്ര എംഎൽഎമാർ എല്ലാവരും തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു. ശിവസേനയുടെ 56 ഉം കോൺഗ്രസിന്റെ 44 ഉം എൻസിപിയുടെ 46 ഉം എംഎൽഎമാർ സത്യാവാങ്മൂലത്തിൽ ഒപ്പിട്ടിട്ടുണ്ട്. 54 എംഎൽഎമാരാണ് എൻസിപിക്കുണ്ടായിരുന്നത്. എട്ട് പേർ അജിത് പവാറിനൊപ്പമാണെന്നാണ് സൂചന. അതേ സമയം ഇതിൽ ചിലർ ശരദ് പവാറിന് പിന്തുണയർപ്പിച്ച് തിരിച്ചെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. 145 എംഎൽഎമാരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹർജികൾ പരിഗണിക്കുക. ഭൂരിപക്ഷം അവകാശപ്പെടുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള ഗവർണറുടെയും കത്തുകൾ ഹാജരാക്കാൻ കോടതി പരിശോധിക്കും. ഒപ്പം ഇതുമായി ബന്ധപ്പെട്ട മറ്റു രേഖകളും ഹാജരാക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിനിടെ ത്രികക്ഷികളിലെ കൂടുതൽ എംഎൽഎമാരെ അടർത്തിയെടുക്കാൻ ബിജെപി നീക്കം ഊർജിതമാക്കി.
ഭൂരിപക്ഷം ഉടൻ തെളിയിക്കാൻ കോടതി ആവശ്യപ്പെട്ടാൽ കേവലഭൂരിപക്ഷത്തിന് കൂടുതൽ എംഎൽഎമാരുടെ പിന്തുണ വേണ്ടതുണ്ട്. ഇതിനായി എൻസിപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ശിവസേനയിൽ നിന്നും നേരത്തെ പാർട്ടി മാറി എത്തിയ നേതാക്കളെയാണ് ചുതമലപ്പെടുത്തിയിരിക്കുന്നത്. ഇരുഭാഗത്തും സജീവനീക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, ചരടുവലികൾക്ക് ഏറെ പരിചതനായ കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡികെ ിവകുമാറും ഇന്ന് മുംബൈയിലെത്തിയേക്കും.
Discussion about this post