ആലപ്പുഴ: ആ മാതാപിതാക്കളുടെ കണ്ണുനീര്‍ ദൈവം കണ്ടു. 4 വര്‍ഷം മുമ്പ് ജീവന്‍ പൊലിഞ്ഞ അനൂപും അനുഗ്രഹയും പുനര്‍ജനിച്ചു…
നാലു വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ മരിച്ച അനുവിന്റെയും അനുഷയുടെയും മാതാപിതാക്കള്‍ക്ക് ഐവിഎഫ് ചികിത്സയിലൂടെ വീണ്ടും ഇരട്ടക്കുട്ടികള്‍ ജനിച്ചു. അതും മകനും മകളും തന്നെ. അതെ ഇത് അവര്‍ തന്നെ, അനൂപും അനുഗ്രഹയും അങ്ങനെ വിശ്വസിക്കാനാണ് വിഎസ് വില്‍സനും വിമലയ്ക്കും ഇഷ്ടം …
2014 ജൂണ്‍ 30നു ഉണ്ടായ അപകടം വില്‍സനും വിമലയ്ക്കും വരുത്തിയ നഷ്ടം ചെറുതൊന്നുമല്ല. തങ്ങളുടെ പൊന്നോമനകളുള്‍പ്പെടെ 6 കുടുംബാംഗങ്ങള്‍ ഒരുമിച്ച് യാത്രയായി. തങ്ങളും മരണത്തെ മുഖാമുഖം കണ്ടിരുന്നു.
ഈ കുടുംബം സഞ്ചരിച്ച കാര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. കൊല്ലത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്നു അവര്‍. വില്‍സന്റെ വലതുകാലും ഇടതുകൈയും ഒടിഞ്ഞു. താടിയെല്ലും വാരിയെല്ലും തകര്‍ന്നു. വലതു കണ്ണിന്റെ കാഴ്ച പോയി. ഒരു മാസത്തിലേറെ ആശുപത്രിയില്‍ കഴിഞ്ഞു. തല നെടുകെ പിളര്‍ന്ന വിമല ജീവിതത്തിലേക്കു മടങ്ങിവരുമെന്ന് ഡോക്ടര്‍മാര്‍ക്കു പോലും ഉറപ്പില്ലായിരുന്നു. നിശ്ചയദാര്‍ഢ്യമായിരുന്നു ഏറ്റവും വലിയ മരുന്ന്. രണ്ടു വര്‍ഷംകൊണ്ട് അവര്‍ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തി. അപ്പോഴും മക്കളുടെയും ഉറ്റവരുടെയും വേര്‍പാടില്‍ അവര്‍ നീറുകയായിരുന്നു.
എന്നാല്‍ പൊന്നോമനകളെ നഷ്ടപ്പെട്ടത് ജീവിതത്തിന്റെ പ്രതീക്ഷകള്‍ തന്നെ നഷ്ടപ്പെടുത്തി ഇവരെ… കാരണം അവള്‍ പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു. ഇനി പ്രസവിക്കില്ല ഒരു കുഞ്ഞിനെ താലോലിക്കാന്‍ ഇവര്‍ക്ക് സാധിക്കില്ല…
പക്ഷെ ആഗ്രഹം ഉപേക്ഷിക്കാന്‍ മനസ്സു വന്നില്ല. ഐവിഎഫ് ചികിത്സയിലൂടെ വീണ്ടും ഗര്‍ഭം ധരിക്കാന്‍ തീരുമാനിച്ചു. അതിനുള്ള ഭാരിച്ച ചികിത്സാ ചെലവു താങ്ങാന്‍ കഴിയുമായിരുന്നില്ല. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രി സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തു. അവര്‍ക്കിടയില്‍ പ്രതീക്ഷയുടെ പുല്‍ നാമ്പ് മുളച്ചു.
എല്ലാം ശുഭകരമായി. ഇന്ന് വട്ടത്തില്‍ വീട് സന്തോഷത്തിന്റെ നെറുകയിലാണ്. ആ പൂന്തോട്ടത്തിലെ കുഞ്ഞു മൊട്ടുകളുടെ പുഞ്ചിരിയാണ് ഇനി ആ കുടുംബത്തിന്റെ പ്രതീക്ഷ.















Discussion about this post