ലഖ്നൗ: ബിജെപി ഉത്തര്‍പ്രദേശില്‍ തകര്‍ന്നടിയുമെന്ന് പറഞ്ഞ വിമതനായ മന്ത്രിയെ യുപി മന്ത്രിസഭയില്‍ നിന്നും പുറത്താക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഓം പ്രകാശ് രാജ്ഭറിനാണ് സ്ഥാനം തെറിക്കാന്‍ പോകുന്നത്. രാജ്ഭറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് യോഗി ആദിത്യനാഥ് കത്തെഴുതി.
ഉത്തര്‍പ്രദേശില്‍ ബിജെപി തകര്‍ന്നടിയുമെന്നും അഖിലേഷ് യാദവും മായാവതിയും യുപിയില്‍ തരംഗമാകുമെന്നായിരുന്നു രാജ്ഭര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് രാജ്ഭറിനെ പുറത്താക്കിക്കൊണ്ടുള്ള നടപടി. കിഴക്കന്‍ യുപിയിലെ പൂര്‍വാഞ്ചലില്‍ പ്രതിപക്ഷ മഹാസഖ്യത്തിനാണ് ആധിപത്യമെന്നും രാജ്ഭര്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭാഗമായിരുന്നു രാജ്ബറിന്റെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി. എന്നാല്‍ ഇവര്‍ ബിജെപിയുമായി ഇടഞ്ഞ് സഖ്യം ഉപേക്ഷിച്ചിരുന്നു.
പിന്നാലെ, ഏപ്രില്‍ 13ന് രാജ്ബര്‍ മന്ത്രിസ്ഥാനവും രാജിവെച്ചിരുന്നു. രാജി സ്വീകരിക്കണോ വേണ്ടയോ എന്നത് ബിജെപിയാണ് തീരുമാനിക്കേണ്ടതെന്നും, സര്‍ക്കാരുമായി ഇനി ബന്ധമില്ലെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. യുപിയില്‍ തന്റെ പാര്‍ട്ടിയെ ബിജെപി അവഗണിച്ചെന്ന് രാജ്ഭര്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇതിന് പിന്നിലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
Discussion about this post