ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ രൂക്ഷമായി വിമര്‍ശിച്ച് ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. കേന്ദ്രം ആന്ധ്രയോട് കാണിക്കുന്നത് കടുത്ത അനീതി ആണെന്നും മോഡി ആന്ധ്രയില്‍ വരുമ്പോള്‍ തന്നെ വ്യക്തിഹത്യ ചെയ്ത് ആക്രമിക്കുകയാണെന്നും ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍ പറഞ്ഞു.
മോഡി തനിക്കെതിരെ നടത്തുന്ന വ്യക്തിഹത്യ നിര്‍ത്തി ആന്ധ്രയ്ക്ക് വേണ്ടത് ചെയ്യൂ എന്നും ചന്ദ്രബാബു നായിഡു . ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്ന ആവശ്യമുയര്‍ത്തി ഡല്‍ഹിയില്‍ നടത്തുന്ന ഏകദിന സത്യാഗ്രഹ വേദിയില്‍ സംസാരിക്കുകയായിരുന്നു എന്‍ ചന്ദ്രബാബു നായിഡു. കേന്ദ്ര സര്‍ക്കാരിനെതിരായാണ് സമരമെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് നല്കിയ വാഗ്ദാനം പാലിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
അവകാശം നേടിയെടുക്കാതെ തങ്ങള്‍ മടങ്ങില്ലെന്ന് മോഡിക്ക് താക്കിത് നല്‍കുന്നുവെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ഞങ്ങളും ഈ രാജ്യത്തിന്റെ ഭാഗമാണ്, നീതി ഞങ്ങള്‍ക്കും വേണമെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. ബിജെപി രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും രാജ്യത്തിന്റെ ആവശ്യം തിരിച്ചറിയാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു.
Discussion about this post