ന്യൂഡല്‍ഹി: ബിജെപിക്ക് ശക്തമായ സ്വാധീനമില്ലാത്ത പത്ത് സംസ്ഥാനങ്ങളില്‍ അധികാര കസേരയിലെത്തിച്ചത് കോണ്‍ഗ്രസ്! കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പത്ത് സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയത് 80 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ചേക്കേറുകയും ഇവരുടെ പ്രവര്‍ത്തനഫലമായി ബിജെപിയെ അധികാരത്തിലേ്ക് ആനയിക്കുകയുമായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറുമാറ്റം ത്രിപുര, ഗോവ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരം പിടിച്ചടക്കാന്‍ സഹായകരവുമായി.
60 അംഗ ത്രിപുര നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഒമ്പത് എംഎല്‍എമാരില്‍ ഏഴുപേര്‍ ആദ്യം തൃണമൂല്‍ കോണ്‍ഗ്രസിലും പിന്നീട് ബിജെപിയിലും ചേര്‍ന്നു. ഇവരെ ഉപയോഗിച്ച് കളം വാണ ബിജെപി അണികളേയും കൂട്ടത്തോടെ വശത്താക്കി. കൂറുമാറിയ ഏഴ് പേരും ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വീണ്ടും നിയമസഭയിലെത്തി. നിയമസഭയിലേക്ക് എത്തുക്കുകയും ചെയ്തു. കൂറുമാറിയവരിലെ രത്തന്‍ലാല്‍ നാഥ് വിദ്യാഭ്യാസ മന്ത്രിയുമായി.
മുന്‍ ത്രിപുര മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സമീര്‍ രഞ്ജന്‍ ബര്‍മനും മകന് സുധീപ് റോയ് ബര്‍മനുമാണ് കൂറുമാറ്റത്തിന് മുന്നില്‍ നിന്നത്. ഫലമോ 2013 ലെ തെരഞ്ഞെടുപ്പില്‍ 40 ശതമാനത്തോളം വോട്ട് നേടിയ കോണ്‍ഗ്രസിന് ഏറ്റവുമൊടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടു ശതമാനത്തില്‍ താഴെ വോട്ടുമാത്രമാണ് ലഭിച്ചത്.
ആസാമിലാകട്ടെ, തരുണ്‍ ഗോഗോയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഹിമന്ത ബിശ്വ ശര്‍മ്മ 2016ല്‍ ബിജെപിയിലേക്ക് ചേക്കേറി. പിന്നീട് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ശബ്ദം തന്നെയായി മാറുകയായിരുന്നു.
ആസാം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസില്‍നിന്ന് എംപിമാരും എംഎല്‍എമാരുമടക്കം കൂട്ടപ്പാലായനമാണ് ബിജെപിയിലേക്കുണ്ടായത്.
ഗോവയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോണ്‍ഗ്രസിന് 40 അംഗ സഭയില്‍ 17 സീറ്റ് സ്വന്തമായിരുന്നു. എന്നാല്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറുമാറ്റം അധികാരത്തിലെത്തുന്നതിന് ബിജെപിയെ സഹായിച്ചു.
അരുണാചല്‍പ്രദേശില്‍ 60 അംഗ നിയമസഭയില്‍ 45 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇതില്‍ മുന്‍മുഖ്യമന്ത്രി നബാം തുകി ഒഴികെയുള്ള എല്ലാവരും കോണ്‍ഗ്രസ് മുഖ്യമന്ത്രി പേമ കണ്ഡുവിന്റെ നേതൃത്വത്തില്‍ ആദ്യം പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേര്‍ന്നു. ബിജെപി സഖ്യത്തിലുള്ള പാര്‍ട്ടിയായിരുന്നു ഇത്. പിന്നീട് കൂറുമാറിയ 34 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. അങ്ങനെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു പേമ കണ്ഡു ബിജെപിയുടെ മുഖ്യമന്ത്രിയായി.
മണിപ്പൂരില്‍ 60 അംഗ സഭയില്‍ 28 അംഗങ്ങളാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇതില്‍ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കാലുമാറിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിന് ഭരണവും നഷ്ടമായി.
Discussion about this post