ബെംഗളൂരു: കര്‍ണാടകയില്‍ ദുരഭിമാനക്കൊല. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ അച്ഛനും സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. ഹുബ്ബള്ളിയിലായാണ് സംഭവം നടന്നത്. പത്തൊന്‍പതുകാരിയായ മാന്യത പാട്ടീലിനെയാണ് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. അച്ഛനും സഹോദരനുമടങ്ങുന്ന സംഘം ഇവരുടെ താമസ സ്ഥലത്തേയ്ക്ക് അതിക്രമിച്ച് എത്തുകയും മാന്യതയെ വെട്ടുകയുമായിരുന്നു. പെണ്‍കുട്ടി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍തൃ മാതാവിനും പിതാവിനും സാരമായ പരിക്കേറ്റു. ഇവരെ ഹുബ്ബള്ളിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ ജൂണിലായിരുന്നു ഇതര ജാതിയില്‍പ്പെട്ട വിവേകാനന്ദ എന്ന യുവാവുമായുള്ള മാന്യതയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷം മാതാപിതാക്കളുടെയും ബന്ധുക്കളുടെയും എതിര്‍പ്പ് അഗണിച്ചായിരുന്നു വിവാഹം. ഇതിന് പിന്നാലെ വിവേകാനന്ദയും മാന്യതയും ഹുബ്ബള്ളിയില്‍ നിന്ന് മാറി ഹാവേരി എന്ന സ്ഥലത്തേയ്ക്ക് താമസം മാറ്റി. പ്രശ്‌നങ്ങള്‍ അവസാനിച്ചു എന്നു കരുതി ഡിസംബര്‍ ഒന്‍പതിന് ഇവര്‍ നാട്ടിലേക്ക് മടങ്ങിയെത്തി. എന്നാല്‍ മാന്യതയുടെ വീട്ടുകാര്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കി. പൊലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിന് പിന്നാലെയാണ് ഇന്നലെ വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ അച്ഛനും സഹോദരനും അടങ്ങുന്ന സംഘം കൊലപ്പെടുത്തിയത്. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.















Discussion about this post