ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രാനിരക്കുകളില്‍ വരുത്തിയ പുതിയ പരിഷ്‌കാരങ്ങള്‍ ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ റെയില്‍വേ. നിരക്ക് മാറ്റത്തിലൂടെ ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് റെയില്‍വ് പ്രതീക്ഷിക്കുന്നത്.
റെയില്‍വേയുടെ പ്രവര്‍ത്തന ചിലവുകളില്‍ ഉണ്ടായ വന്‍ വര്‍ദ്ധനവാണ് നിരക്ക് പരിഷ്‌കരണത്തിന് കാരണം. എങ്കിലും സാധാരണക്കാരായ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും പ്രതികൂലമായി ബാധിക്കാത്ത വിധത്തിലാണ് റെയില്‍വേയുടെ പുതിയ നിരക്കുകള്‍.
പുതിയ ഉത്തരവ് പ്രകാരം, ഓര്‍ഡിനറി ക്ലാസുകളില്‍ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ വീതം അധികം നല്‍കണം. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ നോണ്‍-എസി, എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയാണ് വര്‍ദ്ധിപ്പിച്ചത്.
അതേസമയം, 215 കിലോമീറ്ററില്‍ താഴെ യാത്ര ചെയ്യുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമാകില്ല. ഉദാഹരണത്തിന്, നോണ്‍-എസി കോച്ചില്‍ 500 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യുന്ന ഒരാള്‍ക്ക് 10 രൂപ മാത്രമാണ് അധികമായി ചെലവാകുക.
സബര്‍ബന്‍ ട്രെയിനുകളെയും മന്ത്ലി സീസണ്‍ ടിക്കറ്റുകളെയും (MST) വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കിയത് സാധാരണക്കാരായ സ്ഥിരം യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും.
ജീവനക്കാരുടെ ശമ്പള ഇനത്തില്‍ മാത്രം 1,15,000 കോടി രൂപ റെയില്‍വേ ചിലവിടുന്നുണ്ട്. പെന്‍ഷന്‍ ചിലവ് 60,000 കോടി രൂപയായും ഉയര്‍ന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേയുടെ ആകെ പ്രവര്‍ത്തന ചിലവ് 2,63,000 കോടി രൂപയായാണ് വര്‍ദ്ധിച്ചത്.
ഈ അധിക ബാധ്യത മറികടക്കുന്നതിനായി ചരക്ക് നീക്കം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം യാത്രാനിരക്കുകളില്‍ ചെറിയ തോതിലുള്ള മാറ്റങ്ങള്‍ വരുത്തുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി.












Discussion about this post