ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ മമതക്ക് തിരിച്ചടി. ത്രിണമൂല്‍ കോണ്‍ഗ്രസ്സ് എംപിയായ സൗമിത്ര ഖാന് ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് രാവിലെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായത്. കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെയും പശ്ചിമ ബംഗാള്‍ ബിജെപി നേതാവ് മുകുള്‍ റോയിയുടെയും സാന്നിധ്യത്തിലായിരുന്നു ഖാന്റെ പാര്‍ട്ടി പ്രഖ്യാപനം.
നരേന്ദ്ര മോഡിക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള താല്പര്യം കൊണ്ടാണ് താന്‍ ത്രിണമൂല്‍ കോണ്‍ഗ്രസ്സ് വിട്ടതെന്ന് ഖാന് അറിയിച്ചു. ബംഗാളില്‍ പോലീസ് രാജും സിന്‍ഡിക്കേറ്റ് രാജുമാണ് നടക്കുന്നത്. ബംഗാളിലെ ക്രമസമാധാനനില ഓരോ ദിവസം കഴിയുന്തോറും വഷളായി വരികയാണ്. കൊലപാതകങ്ങളുടെയും ബോംബേറിന്റെയും വാര്‍ത്തകളാണ് സംസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ടു ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബംഗാളിലെ ബിഷ്ണുപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് സൗമിത്ര ഖാന്.
കൂടാതെ ലോക്സഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് ത്രിണമൂല്‍ കോണ്‍ഗ്രസ്സ് എംപിമാര്‍ കൂടി ബിജെപിയില്‍ ചേരുമെന്ന് മുകുള്‍ റോയി അവകാശപ്പെട്ടു. മുകുള്‍ റോയി ത്രിണമൂല്‍ കോണ്‍ഗ്രസ്സ് രണ്ടാമന് എന്നറിയപ്പെട്ടിരുന്ന ആളായിരുന്നു. രാജ്യസഭ എംപി ആയിരിക്കെ 2017 നവംബറിലാണ് മുകുള്‍ ബിജെപിയില്‍ ചേര്‍ന്നത്.
Discussion about this post