ന്യൂഡല്‍ഹി: സഘപരിവാറിന്റെ ബഹിഷ്കരണാഹ്വാനങ്ങളെ കാറ്റില്‍പ്പറത്തി ബോക്സോഫീസില്‍ പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്റെ പത്താന്. ചിത്രത്തിന്റെ വന്‍ വിജയത്തില്‍ അഭിനന്ദിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ശ്രീനഗറിലെ ഐനോക്സ് റാം മുന്‍ഷി ബാഗില്‍ നടന്ന പത്താന്റെ ഹൗസ്ഫുള് ഷോകളെ അഭിനന്ദിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. പതിറ്റാണ്ടുകള്‍ക്കിപ്പുറം ശ്രീനഗറിലെ തിയറ്ററുകള്‍ ഹൗസ്ഫുള് ആയി എന്ന് മോഡി പറഞ്ഞു. കഴിഞ്ഞ ദിവസം ലോക്സഭയില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രശംസ.
പത്താനെതിരെ നടന്ന ബഹിഷ്കരണാഹ്വാനങ്ങളിലും പ്രതിഷേധങ്ങളിലും പ്രതികരണവുമായി നേരത്തെ പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ബോളിവുഡിനെക്കുറിച്ചും ബോളിവുഡ് താരങ്ങളെക്കുറിച്ചും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുതെന്നായിരുന്നു അന്ന് നരേന്ദ്ര മോഡി പറഞ്ഞത്.
അതേസമയം, ഹിന്ദി സിനിമ ചരിത്രത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമെന്ന ഖ്യാതിയും പത്താന് സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 865 കോടിയാണ് ലോകമെമ്പാടുമായി പത്താന് നേടിയിരിക്കുന്നത്. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ത്ഥ് ആനന്ദ് ആണ്.
Discussion about this post