സൂറത്ത്: കാമുകിയും സഹോദരനും ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ സിങ്ങ(27)ാണ് മരിച്ചത്.
രാഹുലിന്റെ മരണത്തില്‍ കാമുകിയ്ക്കെതിരേ പരാതിയുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. അമ്മ വീണാദേവിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. കാമുകിയായ സോനം അലിയും ഇവരുടെ സഹോദരനും ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് മകന് ജീവനൊടുക്കിയതെന്നും ഇക്കാര്യം വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പ് രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് പരാതി.
ജൂണ്‍ 27-നാണ് ഉദ്ദ്ന പട്ടേല്‍ നഗറിലെ വീട്ടില്‍ രാഹുല്‍ സിങ്ങിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകിയായ സോനം അലിക്കൊപ്പമാണ് യുവാവ് ഇവിടെ താമസിച്ചിരുന്നത്. സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് രാഹുലിനെ കണ്ടതെന്നായിരുന്നു സംഭവദിവസം യുവതിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.
ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ തുണിമില്ലിലെ ജോലിക്കായാണ് സൂറത്തില്‍ എത്തിയത്. അമ്മയെയും സഹോദരിയെയും ഇവിടേക്ക് കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് സഹപ്രവര്‍ത്തകയായ സോനം അലിയുമായി അടുപ്പത്തിലായത്. സോനത്തെ വിവാഹം കഴിക്കാനായിരുന്നു യുവാവിന്റെ ആഗ്രഹം. എന്നാല്‍ രാഹുലിന്റെ കുടുംബം ഇതിനെ എതിര്‍ത്തു. ഇതോടെ വീട് വിട്ടിറങ്ങിയ രാഹുല്‍ സോനത്തിനൊപ്പം പട്ടേല്‍ നഗറില്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. വീട് വിട്ടിറങ്ങിയതിന് പിന്നാലെ രാഹുല്‍ കുടുംബവുമായി ഒരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.
രാഹുലിന്റെ മരണത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍നിന്ന് ഒരു ബന്ധു വിളിച്ചതോടെയാണ് മകന്റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് താന്‍ അറിഞ്ഞതെന്നാണ് വീണാദേവി പറയുന്നത്. ജീവനൊടുക്കിയ ദിവസം രാഹുല്‍ പോസ്റ്റ് ചെയ്തതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പാണിതെന്നും കാമുകിയുടെയും ഇവരുടെ സഹോദരന്റെയും ഉപദ്രവം താങ്ങാന്‍ കഴിയാതെ ജീവനൊടുക്കുന്നുവെന്നാണ് ഇതില്‍ പറയുന്നതെന്നും പരാതിയിലുണ്ട്. ബീഫ് കഴിക്കാന്‍ കാമുകിയും സഹോദരനും നിര്‍ബന്ധിച്ചെന്നും ബീഫ് കഴിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് രാഹുലിന്റെ കുറിപ്പിലുള്ളത്.
അതേസമയം, ഫെയ്സ്ബുക്ക് പേജിന്റെ വിശദാംശങ്ങളടക്കം കുടുംബം പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നുമായിരുന്നു പോലീസിന്റെ പ്രതികരണം. ഫെയ്സ്ബുക്കില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും രാഹുലും സോനവും വിവാഹിതരായതിന്റെ രേഖകളൊന്നും ഇതുവരെ കണ്ടെടുക്കാനായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Discussion about this post