അയോധ്യ: ഇന്ത്യയെ ‘ഹിന്ദു രാഷ്ട്രം’ ആയി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച്
സരയൂ നദിയില്‍ ജലസമാധി അടയുമെന്ന് പ്രഖ്യാപിച്ച ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ് അതിനുള്ള ഒരുക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്.
സരയുവിലേക്ക് പോകുന്നത് യുപി പോലീസ് തടഞ്ഞതോടെ, പാത്രത്തില്‍ കൊണ്ടുവന്ന നദിയിലെ വെള്ളം മൂക്കിലൊഴിച്ച് മരിക്കുമെന്ന് ആചാര്യ മഹാരാജ് അറിയിച്ചു. കന്നാസില്‍ വെള്ളവുമായി നില്‍ക്കുന്ന ഇയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ക്രിസ്ത്യാനികളുടെയും മുസ്‌ലിംകളുടെയും പൗരത്വം റദ്ദാക്കി ഒക്ടോബര്‍ രണ്ടിനകം ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇല്ലെങ്കില്‍ അയോധ്യയിലെ സരയു നദിയില്‍ ജലസമാധി അടയുമെന്നാണ് ദിവസങ്ങള്‍ക്കു മുന്‍പ് മുന്നറിയിപ്പ് നല്‍കിയത്.
‘ഒക്ടോബര്‍ രണ്ടിനകം ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജലസമാധി നടത്തുമെന്ന് ഞാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഭരണകൂടം എന്നെ വീട്ടുതടങ്കലിലാക്കി. പക്ഷേ വീട്ടുതടങ്കലിലാണെങ്കിലും ഞാന്‍ സരയു വെള്ളം കൊണ്ടുവന്നതിനാല്‍ ജലസമാധി എടുക്കും. നമുക്ക് നോക്കാം. ദൈവഹിതമുണ്ടെങ്കില്‍, ഞാന്‍ വിജയിക്കും. ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചാലേ ഇന്ത്യ രക്ഷിക്കപ്പെടുകയുള്ളൂ’ ആചാര്യ പറഞ്ഞു.
ജലസമാധിക്കുള്ള ഒരുക്കങ്ങള്‍ നേരത്തെ അയോധ്യയില്‍ ആരംഭിച്ചിരുന്നു. അനുയായികളടക്കം നിരവധി പേര്‍ ആചാര്യ മഹാരാജിന്റെ ആശ്രമത്തിന് സമീപം തടിച്ചുകൂടിയിട്ടുണ്ട്. പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മുമ്പ് ചിതയൊരുക്കി സമാനമായ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് പോലീസ് എത്തി അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കുകയായിരുന്നു.
അയോധ്യയിലെ സന്യാസി സമൂഹത്തിനിടയില്‍ വലിയ സ്വാധീനമുള്ളയാളാണ് മഹാരാജ്. ഇദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഹിന്ദു സനാതന്‍ ധര്‍മ സന്‍സദ് എന്ന പേരില്‍ സംഘടന രൂപീകരിക്കാന്‍ സന്യാസിമാര്‍ക്കുള്ളില്‍ നീക്കമുണ്ട്. മുമ്പ് 15 ദിവസം മഹാരാജ് നിരാഹാര സമരം അനുഷ്ഠിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പിനെത്തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചത്.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ് ഹിന്ദുരാഷ്ട്ര പ്രഖ്യാപനമെന്ന ആവശ്യം വീണ്ടും മുന്നോട്ടുവെച്ചത്. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിവാദ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.
Discussion about this post