ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 354 കിലോഗ്രാം ഹെറോയിന്‍ ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ പിടിച്ചെടുത്തു. ഏകദേശം 2500 കോടി രൂപ വരുന്ന ഹെറോയിനാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു അഫ്ഗാന് സ്വദേശിയടക്കം നാലുപേര്‍ അറസ്റ്റിലായി.
പിടിയിലായവര്‍ അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായി ബന്ധമുള്ളവരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിടിച്ചെടുത്ത ലഹരിമരുന്ന് അഫ്ഗാനിസ്ഥാനില്‍നിന്ന് എത്തിച്ചതാണ്. കടല്‍ മാര്‍ഗം മുംബൈയിലെത്തിച്ച ഇവ ഡല്‍ഹിയിലേക്ക് കൊണ്ടുവരികയായിരുന്നു. മധ്യപ്രദേശിലെ ശിവപുരിയിലെ ഒരു ഫാക്ടറിയിലാണ് ഇവ നേരത്തെ സൂക്ഷിച്ചിരുന്നത്.
പിന്നീട് ഫരീദാബാദില്‍ ലഹരിമരുന്ന് സൂക്ഷിക്കാനായി വീടും വാടകയ്ക്കെടുത്തു. ഇതും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബിലാണ് ലഹരിമരുന്ന് വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇതെല്ലാം നിയന്ത്രിച്ചിരുന്നതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ലഹരിമരുന്ന് സംഘത്തിന് പണം ലഭിച്ചിരുന്നത് പാകിസ്താനില്‍ നിന്നാണെന്നും സൂചനയുണ്ട്. അതിനാല്‍ തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികാണ്.
Discussion about this post