ന്യൂഡൽഹി: ഹോട്ടലിൽ വെച്ച് മതപരിവർത്തനം നടക്കുന്നുവെന്ന വിവരത്തെത്തുടർന്ന് പോലീസ് എത്തിയപ്പോൾ കണ്ടത് ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷം. ഡൽഹി വസീറാബാദിലാണ് സംഭവം. നഗരത്തിനു സമീപമുള്ള ഹോട്ടലിലെ പാർട്ടി ഹാളിൽ മതപരിവർത്തനം നടക്കുന്നതായി ഒരു ഫോൺകോൾ ലഭിച്ചതോടെയാണ് അന്വേഷണത്തിനായി പോലീസ് എത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു കുട്ടിയുടെ പിറന്നാൾ പാർട്ടി നടക്കുന്നതാണ് കണ്ടത്. കൂടാതെ ഇവിടെ മതപരിവർത്തനം നടക്കുന്നതായുള്ള സൂചനകളൊന്നും പോലീസിനു ലഭിച്ചതുമില്ല. അതേസമയം, പാർട്ടിക്ക് എത്തിയ ഹാളിനുള്ളിലുണ്ടായിരുന്ന അറുപതോളം മാളുകളെയും പുറത്തുണ്ടായിരുന്ന മുന്നൂറിനടുത്ത് ആളുകളേയും പോലീസ് പിരിച്ചുവിടുകയും ചെയ്തു.
പിന്നീട് അന്വേഷണത്തിന്റെ ഭാഗമായി ഹാളിനു പുറത്തുണ്ടായിരുന്ന ആറു പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീട് ഇവരെ വിട്ടയച്ചതായാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
മതപരിവർത്തനം നടക്കുന്നെന്ന വിവരം നൽകിയവരുടെയും പാർട്ടിയ്ക്കെത്തിയവരുടെയും മൊഴി പോലീസ് ശേഖരിച്ചു വരികയാണ്. പാർട്ടിയുടെ വീഡിയോ ദൃശ്യങ്ങളും പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
Discussion about this post