ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് എത്തി. പ്രക്ഷോഭ കേന്ദ്രമായ സിംഘുവിലേക്കാണ് ആസാദ് എത്തിയത്. ഡൽഹിഹരിയാന അതിർത്തിയായ സിംഘുവിൽ ആയിരക്കണക്കിന് കർഷകരാണ് പ്രക്ഷോഭം നടത്തുന്നത്.
അതേസമയം, കർഷകരും കേന്ദ്ര സർക്കാറുമായുള്ള ചർച്ച ഡൽഹിയിൽ പുരോഗമിക്കുകയാണ്. 40 കർഷകരാണ് കേന്ദ്ര സർക്കാർ പ്രതിനിധികളുമായുള്ള ചർച്ചക്കായി വിഗ്യാൻ ഭവനിലെത്തിയിരിക്കുന്നത്. ചർച്ചയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കർഷക നേതാവ് രാകേഷ് ടികാത് പറഞ്ഞു.
പ്രക്ഷോഭം എട്ടാംദിവസത്തിലേക്ക് പ്രവേശിക്കുമ്പോൾ രാജ്യവ്യാപക പിന്തുണ ലഭിക്കുന്നത് കേന്ദ്ര സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 26ലെ റിപബ്ലിക് ദിന പരേഡിലും സമരവുമായി അണിനിരക്കുമെന്നാണ് കേന്ദ്ര സർക്കാറിനോട് പ്രക്ഷോഭരംഗത്തുള്ള കർഷകരുടെ മുന്നറിയിപ്പ്.
അതേസമയം, ചർച്ച പോസിറ്റീവ് ഫലമുണ്ടാക്കുമെന്ന പ്രതീക്ഷ ചർച്ചയ്ക്ക് മുമ്പ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പങ്കുവെച്ചു. കർഷകരുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പായി തോമർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു. കർഷകരുമായുള്ള ചർച്ചയിൽ കേന്ദ്ര മന്ത്രി പീയുഷ് ഗോയലും പങ്കെടുക്കുന്നുണ്ട്.
Discussion about this post