ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്നതിനിടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് ആദ്യമായി അംഗീകരിച്ച് കേന്ദ്രസർക്കാർ. കൊവിഡ് രാജ്യത്ത് റിപ്പോർട്ട് ചെയ്ത് ഒമ്പതുമാസം പിന്നിടുമ്പോഴാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. സൺഡേ സംവാദ് എന്ന പരിപാടിയുടെ ആറാമത്തെ എപ്പിസോഡിൽ പശ്ചിമ ബംഗാളിലെ സാമൂഹിക വ്യാപനവുമായി ബന്ധപ്പെട്ടുളള ഒരു ചോദ്യത്തോട് പ്രതികരിക്കവേയാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ ഇക്കാര്യം വ്യക്തമാക്കിയത്.
ബംഗാളിലെ വിവിധ ഭാഗങ്ങളിൽ സാമൂഹിക വ്യാപനം ഉണ്ടായതായി സംസ്ഥാന സർക്കാർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ‘പശ്ചിംബംഗാൾ അടക്കമുള്ള ചില സംസ്ഥാനങ്ങളിലെ ചില ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സാമൂഹിക വ്യാപനം പ്രതീക്ഷിക്കുന്നു. രാജ്യം മുഴുവനുമല്ല, ചില സംസ്ഥാനങ്ങളിലെ ചില ജില്ലകളിൽ മാത്രം.’ മന്ത്രി പറഞ്ഞു.
രാജ്യതലസ്ഥാനത്ത് ഉൾപ്പടെ കൊവിഡ് അതിതീവ്രമായി വ്യാപിച്ചപ്പോഴും സാമൂഹിക വ്യാപനം ഉണ്ടായതായി കേന്ദ്രം ഒരിക്കലും അംഗീകരിച്ചിരുന്നില്ല. കേരളവും ഡൽഹിയുമുൾപ്പടെ സാമൂഹിക വ്യാപനത്തെ കുറിച്ച് സ്ഥിരീകരണം നടത്തിയെങ്കിലും ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാൻ കേന്ദ്രം തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ, കൊവിഡ് 19 മൂന്നാംഘട്ടമായ സാമൂഹിക വ്യാപനത്തിലേക്കെത്തിയെന്ന പശ്ചിമ ബംഗാളിന്റെ പ്രസ്താവനയെ ശരിവെച്ചിരിക്കുകയാണ് കേന്ദ്രം.
















Discussion about this post