പൂനെ: കഴിഞ്ഞ ദിവസമാണ് റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ തൊഴിലാളികള്‍ക്ക് മേല്‍ ഗുഡ്സ് ട്രെയിന്‍ കയറിയ ദാരുണസംഭവമുണ്ടായത്. എന്നാല്‍ ഇത്തവണ ലോക്കോ പൈലറ്റിന്റെ അസരോചിത ഇടപെടല്‍ ട്രാക്കിലൂടെ നടക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് പുതുജീവന്‍ സമ്മാനിച്ചിരിക്കുകയാണ്.
പൂനെയിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയാണ് ലോക്കോ പൈലറ്റിന്റെ കൃത്യമായ ഇടപെടല്‍ മൂലം 20 ഓളം അതിഥി തൊഴിലാളികള്‍ക്ക് ജീവന് തിരികെ ലഭിച്ചത്. രാത്രി ഏഴ് മണിയോടടുപ്പിച്ച് ട്രാക്കിലൂടെ നടന്നുപോകുകയായിരുന്നു ഇരുപതോളം പേരടങ്ങുന്ന സംഘം.
ഇതിനിടെ എതിര് വശത്ത് നിന്ന് ചരക്ക് ട്രെയിന്‍ പാഞ്ഞു വരികയായിരുന്നു. റെയില്‍വേ ട്രാക്കിലൂടെ ചിലര്‍ നടക്കുന്നത് സോളാപുര്‍ ഡിവിഷനില്‍ നിന്നുള്ള ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടു.
വലിയ ലഗേജുമായി നടക്കുകയായിരുന്നു അവര്‍. ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് പിടിക്കുകയായിരുന്നു. അതിഥി തൊഴിലാളികള്‍ക്ക് 100 മീറ്റര്‍ മാത്രം അകലെ വന്നു ട്രെയിന്‍ നിന്നുവെന്ന് റെയില്‍വേ വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ട്രെയിന്‍ നിന്നതോടെ പുറത്തിറങ്ങിയ ലോക്കോ പൈലറ്റും ഗാര്‍ഡും കണ്ട്രോള് ഓഫീസുമായി ബന്ധപ്പെട്ട് തൊഴിലാളികളെ ട്രാക്കില്‍ നിന്ന് മാറ്റി. റെയില്‍പാളത്തിലൂടെ നടക്കുന്നതിന്റെ അപകടവും ഇവരെ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞദിവസം ഔറംഗാബാദിലാണ് ദാരുണ സംഭവമുണ്ടായത്. റെയില്‍വേ ട്രാക്കില്‍ ഉറങ്ങുന്ന അതിഥി തൊഴിലാളികളാണ് ഗുഡ്സ് ട്രെനിനിടിച്ച് മരണപ്പെട്ടത്.
Discussion about this post