ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൗണ്‍ കാലാവധി ഏപ്രില്‍ അവസാനവാരം വരെ നീട്ടുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഇന്നുണ്ടാവും. പ്രതിസന്ധിയിലായിരിക്കുന്ന സാമ്പത്തിക മേഖലക്ക് ആശ്വാസം നല്‍കുന്ന നടപടികളും ഇതോടൊപ്പം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.
ഏതാനും സംസ്ഥാനങ്ങളില്‍ കൊവിഡ് നിയന്ത്രണവിധേയമാകാത്തതും പുതിയ 80 ജില്ലകളില്‍ കൂടി വൈറസ് വ്യാപിച്ചിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ ഇന്ന് അഭിസംബോധന ചെയ്യുന്നത്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് ഇതുവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല.
കൂടാതെ ഉത്തര്‍ പ്രദേശിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ പുതിയ 80 ജില്ലകളില്‍ കൂടി കൊവിഡ് വ്യാപിക്കുകയും ചെയ്തു. വലിയൊരളവില്‍ വൈറസിനെ ചെറുക്കാന്‍ ലോക്ക് ഡൗണിലൂടെ സാധിച്ചുവെന്നാണ് വിലയിരുത്തുന്നത്. അതിനാല്‍ ലോക്ക് ഡൗണ്‍ ഇനിയും നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനം ഇന്നുണ്ടാവും.
ചില മേഖലകളില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വാണിജ്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രഖ്യാപനങ്ങള്‍. തകര്‍ന്ന സമ്പദ്ഘടനയെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ആവസ്യമായ നടപടികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.
കാര്‍ഷിക മേഖലയില്‍ വിളവെടുപ്പ് സീസണ്‍ ആരംഭിച്ച സാഹചര്യത്തില്‍ തൊഴിലാളി ക്ഷാമം അനുഭവപ്പെടാതിരിക്കാനും ചരക്ക് ഗതാഗതം ഉറപ്പുവരുത്താനും കേന്ദ്രം പ്രഥമ പരിഗണന നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കര്‍ഷിക മേഖലയെ ലക്ഷ്യമിട്ട് പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍ ഇതിനായി ആരംഭിച്ചേക്കും.
തൊഴിലാളികളെ പരിമിതമായി ഉപയോഗിക്കുന്ന ഉല്‍പ്പാദന യൂണിറ്റുകളില്‍ കര്‍ശനമായ സുരക്ഷാ ഉപാധികളോടെ നിര്‍മ്മാണം പുനരാരംഭിക്കുന്നത് പരിഗണിക്കണമെന്ന് വാണിജ്യ മന്ത്രാലയം കേന്ദ്രസര്‍ക്കാറിന് മുമ്പാകെ വെച്ച നിര്‍ദ്ദേശങ്ങളിലുണ്ട്. നഗരങ്ങളില്‍ നിന്ന് തൊഴിലാളികളുടെ കൂട്ട പലായനം തടയാനും ഇന്ത്യയുടെ വിദേശ മാര്‍ക്കറ്റുകള്‍ ചൈന കയ്യടക്കുന്നത് പിടിച്ചു നിര്‍ത്താനുമാണ് കേന്ദ്രസര്‍ക്കാറിന്റെ ശ്രമം.
















Discussion about this post