ഷാര്‍ജ: ഷാർജയിൽ കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിനി അതുല്യ(30) യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് ഭര്‍ത്താവ് സതീഷ്. താൻ പുറത്തുപോയി വന്നപ്പോള്‍ അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും അതുല്യക്ക് ജോലിക്ക് പോകാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തിരുന്നെന്നും സതീഷ് പറഞ്ഞു.
അതുല്യക്ക് ജോലിക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ പണവും ക്രൈഡിറ്റ് കാര്‍ഡും കൊടുത്തെന്നും വാഹന ഏര്‍പ്പാടാക്കിയിരുന്നെന്നും സതീഷ് പറയുന്നു. താൻ ദിവസേന മദ്യപിക്കാറില്ല, വാരാന്ത്യത്തില്‍ മാത്രം മദ്യപിക്കും. ഷുഗര്‍ രോഗിയാണ് അതിന് മരുന്ന് കഴിക്കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു.
‘മൂന്ന് മാസം മുന്‍പ് അതുല്യ എന്റെ അനുവാദമില്ലാതെ ഗര്‍ഭം അലസിപ്പിച്ചു. നാട്ടില്‍ അമ്മയുടെ ഒപ്പം പോയാണ് ഗര്‍ഭം അലസിപ്പിച്ചത്. അത് എന്തിനാണെന്ന് ഇപ്പോഴും എനിക്കറിയില്ല. അത് ശേഷമാണ് എന്റെ ജീവിതം മാറി മറിഞ്ഞത്. ആ സംഭവത്തിന് ശേഷം അതുല്യ തറയിലാണ് കിടന്നുറങ്ങാറുള്ളത്’. സതീഷ് പറഞ്ഞു.
‘ഞാന്‍ അതുല്യയെ ഉപദ്രവിച്ചിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ല.എല്ലാ ദിവസവും മദ്യപിക്കുന്ന ആളല്ല ഞാന്‍. പ്രമേഹ രോഗിയായതിനാല്‍ ദിവസവും ഇന്‍സുലിന്‍ എടുക്കാറുണ്ട്. അവധി ദിവസങ്ങളിലാണ് മദ്യപിക്കാറുള്ളത്. ആ ദിവസങ്ങളില്‍ അവള്‍ എന്റെ വീഡിയോ എടുക്കാറുണ്ട്. അത് കാണുന്ന സമയത്ത് ഞാന്‍ അവളെ പ്രകോപിക്കാനായി പലതും പറയും. അവള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് ഞാനും കരുതുന്നത്. ഒന്നുകില്‍ എന്നെ പേടിപ്പിക്കാന്‍ വേണ്ടി ചെയ്തതാകണം.
കട്ടിലിന്റെ സ്ഥാനമെല്ലാം മാറിക്കിടന്നിരുന്നു. അതുല്യയും ഞാനും പൊസസ്സീവായിരുന്നു. ഞാന്‍ കൂട്ടുകാരോടോ വീട്ടുകാരോടോ സംസാരിക്കുന്നത് അവള്‍ക്ക് ഇഷ്ടമല്ലായിരുന്നു. സ്വന്തം അമ്മയോട് പോലും ഞാനിപ്പോള്‍ സംസാരിക്കാറില്ല. അവള്‍ പോയതിന് പിന്നാലെ ഞാനും ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ എന്റെ കാല് തറയില്‍ മുട്ടുകയായിരുന്നു’. സതീഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം അജ്മാനിലുള്ള സുഹൃത്ത് വിളിച്ചപ്പോള്‍ പുറത്ത് പോയതായിരുന്നു. പുറത്തുപോയപ്പോള്‍ അതുല്യ പല തവണ വിളിച്ചു. സാധാരണ ഇങ്ങനെ വിളിക്കാറുള്ളത് കാരണം കോൾ കട്ട് ചെയ്തു. പിന്നീട് വീഡിയോ കോള്‍ ചെയ്ത് ആത്മഹത്യ ചെയ്യാന്‍ പോകുന്നെന്ന് അതുല്യ പറഞ്ഞു. ഉടന്‍ തന്നെ വീട്ടിലെത്തിയെന്നും ഫ്ലാറ്റിലെത്തിയപ്പോള്‍ ഡോര്‍ തുറക്കാവുന്ന നിലയിലായിരുന്നു. അകത്ത് കയറി നോക്കിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടതെന്നും സതീഷ് പറഞ്ഞു. അതുല്യയുടെ കാല്‍ മടങ്ങിയ നിലയിലായിരുന്നു. ഉടന്‍ തന്നെ 999ല്‍ വിളിച്ചു. പിന്നീട് പൊലീസ് വന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നെന്നും ഇയാൾ പറഞ്ഞു.
















Discussion about this post