നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ മോഹൻലാൽ എന്ന നടൻ മലയാള പ്രേക്ഷകർക്ക് സമ്മാനിച്ച കഥാപാത്രങ്ങൾ ഇന്നും മനസിൽ നിന്ന് മായാത്ത ഒന്നാണ്. നഖം മുതൽ തലമുടി വരെ അഭിനയിക്കുന്ന മറ്റൊരു നടൻ തന്നെ മലയാള സിനിമാ ലോകത്ത് ഇല്ലെന്ന് നിസ്സംശയം പറയാം. ഇവ ഒന്ന് കൊണ്ട് മാത്രമാണ് വില്ലനായി സിനിമാ ലോകത്തേയ്ക്ക് എത്തിയ താരം ഇന്ന് മലയാള സിനിമാ ലോകത്തിലെ താരരാജാവായി മാറിയതും.
എന്നാൽ ഇന്ന് ഈ അതുല്യ പ്രതിഭ എവിടെ എന്ന ചോദ്യമാണ് പ്രേക്ഷകരിൽ നിന്നും ഉയരുന്നത്. കാരണം, നടൻ കേന്ദ്രകഥാപാത്രമായി ഇറങ്ങുന്ന പല ചിത്രങ്ങളും ഇന്ന് തകർന്നടിയുന്നത് തന്നെ. 2022 ൽ ഇറങ്ങിയ പല ചിത്രങ്ങളും പ്രേക്ഷകരെയും ആരാധകരെയും നിരാശയിലാക്കിയിരുന്നു. 2022 വിടപറയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഈ വർഷത്തിൽ വിജയിച്ചതും പരാജയപ്പെട്ടതുമായ ചിത്രങ്ങൾ എടുക്കുമ്പോൾ ഈ ലിസ്റ്റിൽ മുൻപന്തിയിൽ നിൽക്കുന്നത് മോഹൻലാൽ ചിത്രങ്ങൾ തന്നെയാണ്.
ഏത് കഥാപാത്രവും അനായാസമായി അവതരിപ്പിക്കുന്ന മോഹൻലാലിൽ നിന്ന് നെയ്യാറ്റിൻകര ഗോപൻ, ലക്കി സിംഗ് തുടങ്ങിയ കഥാപാത്രങ്ങളാണ് ഈ വർഷം ആരാധകർക്ക് ലഭിച്ചത്. മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം എ.ആർ റഹ്മാൻ സംഗീതം നൽകിയ മലയാളം സിനിമ കൂടിയായിരുന്നു ആറാട്ട്. കോമഡി ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ എത്തിയ ചിത്രത്തെ ആരാധകർ പോലും വിമർശിച്ച് രംഗത്ത് വന്നിരുന്നു.
ശേഷം, പുലിമുരുകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും മോഹൻലാലും ഒന്നിച്ച ചിത്രമാണ് മോൺസ്റ്റർ. സിനിമയെ വിജയിപ്പിക്കാനായി പെടാപ്പാട് പെടുന്ന മോഹൻലാൽ ആണ് ചിത്രത്തിലെന്നാണ് പ്രേക്ഷകരും അഭിപ്രായം അറിയിച്ചത്. ‘പുലിമുരുകന്റെ’ രചയിതാവായ ഉദയ് കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. മോഹൻലാലിന്റെ പഞ്ചാബി വേഷവും തിരക്കഥയിലെ പോരായ്മകളും പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു.
പിന്നീട് അൽപ്പമെങ്കിലും കണ്ടിരിക്കാൻ ഭേദമെന്ന് തോന്നിപ്പിക്കുന്നത് ട്വൽത്ത് മാൻ എന്ന ചിത്രമാണ്. ദൃശ്യം 2ന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ചിത്രമാണ് ട്വൽത്ത് മാൻ. അഗത ക്രിസ്റ്റി എഴുതിയ കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജിത്തു ഈ സിനിമ ഒരുക്കിയത്. ചിത്രം ഒടിടി റിലീസായിരുന്നു. അവിഹിതങ്ങൾ കോർത്തിണക്കി മാത്രം ചെയ്ത ചിത്രം എന്ന വിമർശനവും ട്വൽത്ത് മാൻ നേരിട്ടിരുന്നു.
മാറുന്ന സിനിമാ ലോകത്തിന് അനുസരിച്ചുള്ള മാറ്റമില്ലായ്മയാണ് മോഹൻലാൽ ചിത്രങ്ങളുടെ പരാജയങ്ങൾക്ക് അടിസ്ഥാനമെന്നാണ് വിലയിരുത്തൽ. 2023 ൽ വരാനിരിക്കുന്ന ലിജോ ജോസി പെല്ലിശ്ശേരി-മോഹൻലാൽ ചിത്രം താരത്തിന്റെ അഭിനയ ജീവിതത്തിന് പുത്തൻ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.
Discussion about this post