പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ കനത്ത പരാജയത്തിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിസി ജോര്‍ജ്.
കൂടെ നടന്ന ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രന്റെ കാലുവാരിയെന്നും അവര്‍ പോലും വോട്ടുമറിച്ചെന്നും പിസി ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയിലേയും തിരുവനന്തപുരത്തേയും തോല്‍വി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. അടുത്തിടെ എന്‍ഡിഎയില്‍ ചേര്‍ന്ന പിസി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറിലടക്കം ബിജെപി ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്.
എക്സിറ്റ് പോളുകളില്‍ ബിജെപി ജയിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന പത്തനംതിട്ടയില്‍ കെസുരേന്ദ്രന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. സുരേന്ദ്രന്റെ ജയില്‍വാസമോ ശബരിമല പ്രക്ഷോഭങ്ങളോ അവിടെ വോട്ടായില്ല. ആറന്മുള ഉള്‍പ്പടെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലും ബിജെപി പിന്നിലായി.
Discussion about this post