കൊല്‍ക്കത്ത: വിവാഹത്തില്‍ വരന് കുതിരപ്പുറത്തേറി വരുന്നത് അത്ര അസാധാരണ കാഴ്ചയൊന്നുമല്ല, സ്ഥിരം നടക്കുന്ന ഈ ചടങ്ങില്‍ അത്ര പുതുമയൊന്നുമില്ലല്ലോ എന്ന് ചിന്തിച്ച യുവാവ് തന്റെ വിവാഹം വ്യത്യസ്തമാക്കാനായി റോഡ് റോളറില്‍ കയറി ബന്ധുക്കളെയും നാട്ടുകാരെയും എല്ലാം ഞെട്ടിച്ചിരിക്കുകയാണ്. വൈവിധ്യത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന ഈ യുവതലമുറ എന്ന് പഴമക്കാര്‍ മൂക്കില്‍ വിരല്‍വെച്ച് കാണണം. ബംഗാളിലെ വരനാണ് ഇത്തരത്തില്‍ വിവാഹം അടിമുടി പൊളിയാക്കിയിരിക്കുന്നത്.
കുതിരപ്പുറത്തും അലങ്കരിച്ച തുറന്ന കാറിലുമൊക്കെയുള്ള യാത്ര മാറ്റിവെച്ച് അര്ക്കാപാത്ര എന്ന വരനാണ് റോഡ്റോളറില്‍ എത്തിയത്. അലങ്കരിച്ച റോഡ്റോളറില്‍ ഉരുണ്ടുവരുന്ന വരനെ കാണാന്‍ നിരവധിപ്പേരാണ് വഴിയരികില്‍ കാത്തുനിന്നത്. വരന്റെ ഈ വൈവിധ്യമാര്‍ന്ന വരവ് ഇരുവീട്ടുകാരെയും അമ്പരപ്പിച്ചു. എന്നാല്‍ വധു ഇതിന് പൂര്‍ണ്ണപിന്തുണ നല്കി. വിവാഹത്തില്‍ വൈവിധ്യം വേണമെന്ന് വിചാരിച്ചപ്പോള്‍ കാശുചോരാത്ത എന്തെങ്കിലുമൊന്ന് എന്നായിരുന്നു മനസില്‍, അതുകൊണ്ടാണ് റോഡ് റോളര്‍ തിരഞ്ഞെടുത്തതെന്ന് വരന് പറയുന്നു. ഇവരുടെ വിവാഹസത്കാരത്തിന് വൈവിധ്യത്തിന്റെ പേരില്‍ ഉച്ചത്തിലുള്ള ഗാനം ഒഴിവാക്കി, പകരം ഓടക്കുഴല്‍ വായനയാണ് നടത്തിയത്.
Discussion about this post