ജമ്മു കാശ്മീര്‍: ജമ്മു കാശ്മീരിലെ പൂഞ്ചിലെ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. മേഖലയില്‍ ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞ സൈന്യം നടത്തിയ തെരച്ചിലിന് ഇടയിലാണ് അപ്രതീക്ഷിതമായി സൈനിക വാഹനത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. പരുക്കേറ്റ രണ്ട് സൈനികര്‍ ചികിത്സയില്‍ കഴിയുകയാണ്.
പൂഞ്ചില്‍ ദേരാ കി ഗലിയെന്ന പ്രദേശത്തായിരുന്നു ഭീകരര്‍ രണ്ട് സൈനിക വാഹനങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് ഇന്നലെ മുതല്‍ പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഭീകരാക്രമണമുണ്ടായത്. രാഷ്ട്രീയ റൈഫിള്‍സ് സേനാംഗങ്ങളാണ് ഭീകരരെ നേരിടുന്നത്
മേഖലയില്‍ ഭീകരരെ ലക്ഷ്യമിട്ടുള്ള സൈനിക നടപടി പുരോഗമിക്കുകയാണ്. സൈനിക വാഹനം ആക്രമിച്ചതിനു പിന്നാലെ ഭീകരര്‍ വനമേഖലയിലേക്ക് ഉള്ളിലേക്ക് കടന്നതായാണ് വിവരം. ജമ്മു കാശ്മീര്‍ പോലീസും സൈന്യവും സംയുക്തമായി ചേര്‍ന്നാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കുന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ന് രജൗരിയിലെ പൂഞ്ച് മേഖലയിലെ ദേരാ കി ഗലിയിലൂടെ കടന്നുപോയ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ പതിയിരുന്ന് ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ രജൗരി മേഖലയില്‍ സൈന്യം ഒരു ഓപ്പറേഷന് നടത്തിവരികയായിരുന്നു. ഒരു മാസത്തിനുള്ളില്‍ സൈന്യത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണ് ഇന്ന് പൂഞ്ചില്‍ നടന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പൂഞ്ചില്‍ നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Discussion about this post