കൊച്ചി: വാഹന പരിശോധനയ്ക്കിടെ പോലീസ് കസ്റ്റഡിയിൽ എടുത്തയാൾ സ്റ്റേഷനിൽ കുഴഞ്ഞുവീണ മരിച്ച സംഭവത്തിൽപ്രതിഷേധം കനക്കുന്നു. നാട്ടുകാർ ഹിൽപാലസ് പോലീസ് സ്‌റ്റേഷനും തൃപ്പൂണിത്തുറ റോഡും ഉപരോധിച്ചാണ് പ്രതിഷേധിക്കുന്നത്.
ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ രഘുവരന്റെ മകൻ മനോഹരൻ (52) ആണ് ഇന്നലെ രാത്രി തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീഴുകയും ആശുപത്രിയിൽ വെച്ച് മരണപ്പെടുകയും ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. പോലീസ് മനോഹരനെ കസ്റ്റഡിയിലെടുക്കും മുൻപ് പോലീസ് മർദിച്ചതായി ദൃക്സാക്ഷിയുടെ മൊഴിയുണ്ട്. ഹെൽമറ്റ് ഊരാൻ ആവശ്യപ്പെട്ട പോലീസ് ഹെൽമറ്റ് ഊരിയയുടനെ മുഖത്തടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷി മൊഴി നൽകിയിരിക്കുന്നത്.
മദ്യാപിച്ചിട്ടുണ്ടോ എന്ന പരിശോധനയ്ക്കായാണ് മനോഹരന്റെ ഇരുചക്രവാഹനം തടഞ്ഞത്. എന്നാൽ മദ്യപിച്ചില്ലെന്ന് വ്യക്തമായതോടെ അലക്ഷ്യമായി വാഹനമോടിച്ചെന്ന് ആരോപിച്ച് പോലീസ് കേസെടുക്കുകയായിരുന്നു. പിന്നാലെയാണ് മനോഹരനെ സ്‌റ്റേഷനിലേക്ക് പോലീസ് ജീപ്പിൽ കൊണ്ടുപോയത്. മനോഹരൻപോലീസുമായി സഹകരിച്ചില്ലെന്നാണ് പോലീസിന്റെ വാക്കുകൾ.
എന്നാൽ ഇതുവരെ ക്രിമിനൽ പശ്ചാത്തലമോ ഒരു കേസിന് പോലുമ പിടിക്കപെടുകയോചെയ്യാത്ത മനോഹരൻ പോലീസ് കസ്റ്റഡിയിൽ പേടിച്ചുവിറച്ചാണ് നിന്നിരുന്നതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സ്റ്റേഷനിലെത്തിയ ശേഷമാണ് 1000 രൂപ പിഴയൊടുക്കാൻ പറഞ്ഞത്. ജാമ്യക്കാരെ വിളിക്കുന്നതിനിടെ മനോഹരൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മനോഹരന്റെ മരണമറിഞ്ഞ് രാത്രി തന്നെ നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതോടെ നടപടി ഉറപ്പ് നൽകിയ ശേഷമാണ് ഇവർ പിരിഞ്ഞു പോയത്. പിന്നീട് സംഭവത്തിൽ അടിയന്തര നടപടിയായി തൃപ്പൂണിത്തുറ എസ്‌ഐ ജിമ്മി ജോസിനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇത് മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണെന്നാണ് നാട്ടുകാരുടെ ആരോപണം.
ശനിയാഴ്ച രാത്രി, ജീപ്പിൽ സ്റ്റേഷനിലെത്തിച്ച ശേഷം മനോഹരൻ കുഴഞ്ഞുവീണെന്നാണ് പോലീസ് പറയുന്നത്. ഉടൻ പോലീസ് ജീപ്പിൽ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചെന്നും തുടർന്ന് ആംബുലൻസിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മനോഹരൻ മരിച്ച നിലയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു.
Discussion about this post