മുവാറ്റുപുഴ: ഒരു ലക്ഷം ലോട്ടറിയടിച്ചെങ്കിലും സമ്മാന തുക കിട്ടാതെ ഇതര സംസ്ഥാന തൊഴിലാളി വിഷമത്തില്‍. അസം സ്വദേശിയായ മതലേബ് ഉദ്ദീനാണ് കേരള സര്‍ക്കാരിന്റെ ലോട്ടറിയിലൂടെ ഒരു ലക്ഷം സമ്മാനം ലഭിച്ചത്. ലോട്ടറിയടിച്ച സന്തോഷത്തില്‍ സുഹൃത്തുക്കള്‍ക്കെല്ലാം ട്രീറ്റ് നല്‍കിയിരുന്നു, എന്നാല്‍ സമ്മാനം കിട്ടാതായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇയാള്‍.
ലോട്ടറി സമ്മാനത്തിനുവേണ്ടി ടിക്കറ്റുമായി മതലേബ് ലോട്ടറി കടകളിലും ബാങ്കുകളിലും മുവാറ്റുപുഴ ലോട്ടറി ഉപഓഫീസിലും കയറിയിറങ്ങി. എന്നാല്‍ സമ്മാനം ലഭിച്ചില്ല. അഥിതി തൊഴിലാളി ആയതിനാല്‍ സമ്മാനതുക ഉടനെ തരാനാകില്ലെന്നായിരുന്നു മതലേബിന് ലഭിച്ച മറുപടി.
മതലേബ് സുഹൃത്തിന്റെ നിര്‍ദേശ പ്രകാരം ലോട്ടറിയുടെ പുറകില്‍ തന്റെ പേരെഴുതിയിരുന്നു. പേരെഴുതിയ ലോട്ടറിയുമായി ചെന്നതിനാലാണ് ലോട്ടറി വില്‍പ്പനകാരനും കേന്ദ്രങ്ങളും ബാങ്കുകളും മതലേബ് ഇതരസംസ്ഥാന തൊഴിലാളിയാണെന്ന് തിരിച്ചറിഞ്ഞത്.
കേരള ലോട്ടറി സംസ്ഥാനത്തിന് പുറത്ത് വില്‍ക്കാന്‍ പാടുള്ളതല്ല എന്നതിനാല്‍ ഇയാള്‍ കേരളത്തിലെത്തിയ ശേഷമാണ് ലോട്ടറി വാങ്ങിയതെന്ന് തെളിയിച്ചാല്‍ മാത്രമേ പണം ലഭിക്കുകയുള്ളൂ. കേരള സര്‍ക്കാരിന്റെ വിന്‍ ലോട്ടറിയുടെ തിങ്കളാഴ്ചത്തെ നറുക്കെടുപ്പില്‍ മതലേബ് എടുത്ത ണ 750422 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്.
Discussion about this post