പനാജി: ലോകത്താകമാനം കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ ആവശ്യമേറുന്നത് വൈറസിനെ പ്രതിരോധിക്കാനുള്ള ഹാന്‍ഡ് സാനിറ്റൈസറിനാണ്. പലയിടങ്ങളിലും സാനിറ്റൈസറിന്റെ പേരില്‍ കൊള്ളലാഭം നടത്തുമ്പോള്‍ സൗജന്യമായി സാനിറ്റൈസര്‍ വിതരണം ചെയ്യുകയാണ് ഗോവയിലെ ബിയര്‍ കമ്പനി.
ഗോവ ബ്രൂവിങ് കമ്പനിയാണ് ജനങ്ങള്‍ക്ക് സൗജന്യമായി ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കുന്നത്. കാലിക്കുപ്പിയുമായി വന്നാല്‍ സൗജന്യമായി സാനിറ്റൈസര്‍ നിറച്ച് മടങ്ങാം എന്നാണ് കമ്പനിയുടെ വാഗ്ദാനം. വടക്കന്‍ ഗോവയിലെ സംഗോള്ഡയിലാണ് കമ്പനി. പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എന്നു തുടങ്ങി ആര്‍ക്കുവേണമെങ്കിലും സാനിറ്റൈസര്‍ വാങ്ങാവുന്നതാണ്.
അതേസമയം സാനിറ്റൈസര്‍ നിര്‍മിക്കാന്‍ കമ്പനിക്ക് ലൈസന്‍സ് ഇല്ലാത്തതിനാല്‍ പൂനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ കമ്പനിയുമായി സഹകരിച്ചാണ് കമ്പനി സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നത്. എല്ലാവര്ക്കും സൗജന്യമായി ലഭ്യമാക്കുന്നതിനായി വലിയ അളവിലാണ് കമ്പനി സാനിറ്റൈസര്‍ ഉത്പാദിപ്പിക്കുന്നത്.
ഗോവയില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്ക് വലിയ ദൗര്ലഭ്യമാണുള്ളത്. ഈ സ്ഥിതി കണക്കിലെടുത്ത് നിരവധി പേര് പുതുതായി സാനിറ്റൈസര്‍ ഉത്പാദിപ്പിച്ച് വിപണിയിലേക്ക് എത്തിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ ഇറക്കുന്ന സാനിറ്റൈസറില്‍ ആല്‍ക്കഹോള്‍ അംശം 70% ആണെന്നും രോഗാണുവിനെ ചെറുക്കാന്‍ ഇത് ഫലപ്രദമാണെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
Discussion about this post