തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സംസ്ഥാനത്ത് ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്നും ആഭ്യന്തര വകുപ്പില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മൗനം വെടിയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കേന്ദ്രത്തിലെ അമിത് ഷാ-മോഡി കൂട്ട്കെട്ട് പോലെയാണ് കേരളത്തില്‍ കോടിയേരി -പിണറായി കൂട്ടുകെട്ടെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
കാസര്‍കോട് നടന്ന കൊലപാതകം പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ ആണെന്നും സിപിഎം ഭീകര സംഘടനയായി മാറിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും ഡമ്മി പ്രതികളെ ഇറക്കി കേസ് അട്ടിമറിക്കാന്‍ അനുവദിക്കരുതെന്നും കാസര്‍കോട് നടന്ന കൊലപാതകത്തിന് ടിപി ചന്ദ്രശേഖരന്, ഷുഹൈബ് കൊലപാതകങ്ങളുമായി സമാനതയുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു.
കൊലപാതകത്തില്‍ ഗൂഡാലോചന നടത്തിയവരെയും പിടികൂടണമെന്നും ടിപി വധത്തിലും ഷുഹൈബ് വധത്തിലും അന്വേഷണം തൃപ്തികരമായിരുന്നില്ലെന്നും കേസില്‍ ഉന്നത സിപിഎം നേതൃത്വം പിടിക്കപ്പെട്ടില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു. കാസര്‍കോട് ഇരട്ട കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധ ദിനം നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
Discussion about this post