ദുബായ്: കെഎം ഷാജിയെ അയോഗ്യനാക്കിയപ്പോള്‍ സ്വീകരിച്ച അതേ നിലപാട് തന്നെ കാരാട്ട് റസാഖിനെതിരെയും എടുക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്. ഒരു മാസത്തിനകം ഇപ്പോഴുള്ള വിധിയെ സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് സമ്പാദിക്കാന്‍ കഴിഞ്ഞില്ലായെങ്കില്‍ അദ്ദേഹത്തെ അയോഗ്യനാക്കേണ്ടി വരുമെന്ന് ശ്രീരാമകൃഷ്ണന് പ്രതികരിച്ചു.
കെഎം ഷാജിയുടെ കാര്യത്തില്‍ 15 ദിവസത്തേക്കു സ്റ്റേ ചെയ്തു. 15 ദിവസത്തിനകം അദ്ദേഹത്തിന് സ്റ്റേ ഉത്തരവ് കിട്ടിയില്ല. ആ സാഹചര്യത്തില്‍ വേറെ നിര്‍വാഹമുണ്ടായിരുന്നില്ല. എന്നാല്‍ കാരാട്ട് റസാഖിന് 30 ദിവസത്തേക്ക് സ്റ്റേ ലഭിച്ചിട്ടുണ്ട്. ഈ കാലയളവില്‍ വിധിയെ സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് സമ്പാദിക്കാന്‍ കഴിഞ്ഞില്ലായെങ്കില്‍ കെഎം ഷാജിയുടെ കാര്യത്തില്‍ എടുത്ത അതേ നടപടി റസാഖിന്റെ കാര്യത്തിലും എടുക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞു. വിവേചനത്തിന്റെ പ്രശ്നം ഇവിടെ ഉദിക്കുന്നില്ലെന്നും ശ്രീരാമകൃഷ്ണന് പ്രതികരിച്ചു.
Discussion about this post