കവരത്തി: ലക്ഷദ്വീപില്‍ ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. കവരത്തിയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി 4ന് കവരത്തി കപ്പലില്‍ വന്ന ഐആര്‍ബിഎന്‍ പാചകക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ദ്വീപില്‍ മെഡിക്കല്‍ സംഘം ജാഗ്രത നിര്‍ദേശം നല്‍കി.
ഐആര്‍ബിഎന്‍ ജീവനക്കാരനൊപ്പം കപ്പലില്‍ സഞ്ചരിച്ച മറ്റുള്ളവര്‍ക്കും കോവിഡ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശക്തമായ ജാഗ്രതാ നിര്‍ദേശമാണ് മെഡിക്കല്‍ സംഘം നല്‍കിയിരിക്കുന്നത്.

അടുത്തിടെ ദ്വീപില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ അവസാന ആഴ്ചയാണ് ലക്ഷദ്വീപ് യാത്രയ്ക്കുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത്.
നാല്‍പത്തിയെട്ട് മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ലക്ഷദ്വീപില്‍ എവിടെയും സഞ്ചരിക്കാം എന്നതാണ് പുതിയ മാനദണ്ഡം. ഇതിനെതിരെ ലക്ഷദ്വീപ്‌വാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

നേരത്തെ ലക്ഷദ്വീപിലേക്ക് പോകണമെങ്കില്‍ ഒരാഴ്ച കൊച്ചിയില്‍ ക്വാറന്റൈന്‍ കഴിഞ്ഞ് രോഗമില്ലെന്ന് ഉറപ്പുവരുത്തണമായിരുന്നു. ദ്വീപിലെത്തിയ ശേഷവും പതിനാല് ദിവസം ക്വാറന്റൈനില്‍ കഴിയണമായിരുന്നു.
കോവിഡ് ലോക രാജ്യങ്ങളെയെല്ലാം കീഴടക്കിയപ്പോഴും ലക്ഷദ്വീപിലെത്തിയിരുന്നില്ല. വളരെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആദ്യം മുതലേ സ്വീകരിച്ചാണ് ലക്ഷദ്വീപ് കോവിഡിനെ പുറത്തുനിര്‍ത്തിയത്. രാജ്യത്ത് ആദ്യ കേസ് എത്തിയ സമയത്ത് തന്നെ വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ആഭ്യന്തര വിനോദസഞ്ചാരമടക്കം നിര്‍ത്തിവെച്ചു.
















Discussion about this post