ടോക്യോ : വിദേശത്ത് നിന്ന് ഗെയിംസ് വില്ലേജിലെത്തിയ സംഘാടകന്‍ പിന്നാലെ ടോക്യോ ഒളിംപിക്സില്‍ മൂന്ന് കായിക താരങ്ങള്‍ കൂടി കോവിഡ് പോസിറ്റീവായി. ഇതില്‍ രണ്ട് പേര് ഗെയിംസ് വില്ലേജിലും ഒരാള്‍ ഹോട്ടലിലുമാണ് താമസിക്കുന്നത്.
ഗെയിംസ് വില്ലേജിലെ കായിക താരങ്ങള്‍ക്ക് ഇതാദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.ഇവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഒളിംപിക്സുമായി ബന്ധപ്പെട്ട ആളുകളില്‍ കഴിഞ്ഞ ഒരു ദിവസത്തിനിടെ പത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കായിക താരങ്ങളെ കൂടാതെ അഞ്ച് സംഘാടകര്‍, ഒരു മാധ്യമപ്രവര്ത്തകന് ഒരു കോണ്ട്രാക്ടര് എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്.
ഇതോടെ ഒളിംപിക്സില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 55 ആയി. കോവിഡ് പ്രതിരോധത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും സംഘാടകര്‍ വ്യക്തമാക്കി.
ഈ മാസം 23നാണ് ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങ്. മത്സരങ്ങളെത്തുടര്‍ന്ന് ടോക്യോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വേദികളില്‍ കാണികള്‍ക്ക് പ്രവേശനമില്ല.228 അംഗ ഇന്ത്യന്‍ സംഘത്തിലെ ആദ്യ സംഘം ശനിയാഴ്ച ടോക്യോയില്‍ എത്തിയിരുന്നു. രണ്ട് ഹോക്കി ടീമുകള്‍, അമ്പെയ്ത്ത് ടീം, ടേബിള്‍ ടെന്നീസ് താരങ്ങള്‍, നീന്തല്‍ താരങ്ങള്‍ എന്നിവരടങ്ങിയ 90 അംഗ സംഘമാണ് ടോക്യോയില്‍ എത്തിയത്.
Discussion about this post