ദുബായ് : പുതിയ കോവിഡ് വകഭേദം ഒമിക്രോണ്‍ ഭീഷണിയുള്ള സാഹചര്യത്തില്‍ ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി യുഎഇ. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാവേ, മൊസാംബിക്, ബോട്സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് യാത്രാവിലക്ക്.
തിങ്കളാഴ്ച മുതലാണ് നിയന്ത്രണം നിലവില്‍ വരുന്നത്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്ക് പ്രവേശിക്കാനാവില്ല. ഈ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്കുണ്ട്. യുഎഇ പൗരന്മാര്, ഗോള്‍ഡന്‍ വിസയുള്ളവര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. ഇവര്‍ യുഎഇയിലെത്തിയാല്‍ പത്ത് ദിവസം ക്വാറന്റീനില്‍ കഴിയണം. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്.
ബോട്സ്വാനയില് നവംബര്‍ 11നാണ് ഒമിക്രോണ്‍ എന്ന പുതിയ കോവിഡ് വകഭേദത്തെ കണ്ടെത്തിയത്. ഇവയ്ക്ക് വാക്സിനേയും ചെറുക്കാനുള്ള കഴിവുണ്ടെന്നാണ് വിലയിരുത്തല്‍. പുതിയ വകഭേദത്തെ പേടിക്കേണ്ടതുണ്ടെന്ന് വെള്ളിയാഴ്ച ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.
Discussion about this post