ആങ്കറ : സൈനിക അട്ടിമറിയിലെ പങ്കുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പൗരാവകാശ നേതാവിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ പത്ത് പാശ്ചാത്യ അംബാസഡര്‍മാരെ പുറത്താക്കുമെന്ന ഭീഷണിയില്‍ നിന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയിബ് എര്ദോഗന് പിന്മാറി.
ഭരണകൂടത്തിനെതിരായ അട്ടിമറി ശ്രമത്തില്‍ പങ്കാളിയായതിനും പ്രതിഷേധങ്ങള്‍ക്ക് ധനസഹായം നല്‍കിയതിനും നാല് വര്‍ഷമായി ജയിലില്‍ കഴിയുന്ന ഉസ്മാന് കവാലയെ മോചിപ്പിക്കണമെന്ന് യുഎസ്, ജര്‍മനി ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ഈ രാജ്യങ്ങളിലെ അംബാസഡര്‍മാരെ പുറത്താക്കാന്‍ എര്ദോഗന് തീരുമാനിക്കുകയും ഇതിന്റെ ആദ്യ നടപടിയായി ഇവരെ പേഴ്സണല്‍ നോണ്‍ ഗ്രാറ്റയായി പ്രഖ്യാപിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
ആതിഥേയ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ നയതന്ത്രജ്ഞര്‍ ഇടപെടരുതെന്ന് ആവശ്യപ്പെടുന്ന യുഎന്‍ കണ്‍വെന്‍ഷനെ തങ്ങള്‍ മാനിക്കുന്നു എന്ന് യുഎസും മറ്റ് രാജ്യങ്ങളും പ്രസ്താവനകള്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് എര്ദോഗന് തന്റെ നിലപാട് പിന്‍വലിച്ചത്.
യുഎസിന് പുറമെ, കാനഡ,നെതര്‍ലന്‍ഡ്സ്, ന്യൂസിലന്‍ഡ്,നോര്‍വേ,സ്വീഡന്, ഡെന്മാര്ക്ക്, ഫിന്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് കവാലയ്ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയത്.
Discussion about this post