കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ അടച്ചിട്ട ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ താലിബാന് രേഖകള്‍ തിരഞ്ഞുവെന്നും കോണ്‍സുലേറ്റുകള്‍ക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ തട്ടിയെടുത്തുവെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ബുധനാഴ്ച താലിബാന് സംഘം കാണ്ഡഹാറിലെയും ഹെറാത്തിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ പരിശോധന നടത്തിയതായാണ് റിപ്പോര്‍ട്ട്.
രേഖകള്‍ എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടോ എന്നാണ് പരിശോധിച്ചത്. കോണ്‍സുലേറ്റുകള്‍ക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളും തട്ടിയെടുത്തു.കാബൂളിലെ എംബസിക്ക് പുറമെ കാണ്ഡഹാര്‍, മസര്‍-ഇ-ഷെരീഫ്, ഹെറാത്ത് എന്നിവിടങ്ങളിലാണ് ഇന്ത്യയ്ക്ക് കോണ്‍സുലേറ്റുകള്‍ ഉള്ളത്. ഇവയെല്ലാം തന്നെ താലിബാന് കാബൂള്‍ പിടിച്ചടക്കുന്നതിന് മുമ്പ് പൂട്ടിയിരുന്നു.
അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ സി17 ഗ്ലോബ് മാസ്റ്റര്‍ വിമാനം കാബൂളില്‍ എത്തി. മലയാളികള്‍ അടക്കമുള്ളവരുമായി വിമാനം വെള്ളിയാഴ്ച മടങ്ങുമെന്നാണ് സൂചന.കഴിഞ്ഞ ഞായറാഴ്ച കാബൂള്‍ പിടിച്ച ശേഷം താലിബാന് പൊതുമാപ്പ് പ്രഖ്യാപിക്കുകയും ആരെയും ആക്രമിക്കില്ലെന്ന് പറയുകയും ചെയ്തെങ്കിലും ആയിരങ്ങള്‍ രാജ്യം വിടാനുള്ള നെട്ടോട്ടത്തിലാണ്.
Discussion about this post