കാനഡ: പാണ്ടകള്‍ക്ക് ആവശ്യത്തിന് മുള ഭക്ഷണമായി നല്കാന് സാധിക്കാത്തതിനെ തുടര്‍ന്ന് രണ്ട് ഭീമന് പാണ്ടകളെ ചൈനയിലേക്ക് മടക്കി അയക്കാനൊരുങ്ങി കാനഡയിലെ ആല്‍ബര്‍ട്ടാ പ്രവിശ്യയിലുള്ള കാല്‍ഗറി മൃഗശാല. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന മുളയായിരുന്നു ഈ പാണ്ടകളുടെ പ്രധാന ഭക്ഷണം. അതേസമയം കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണില്‍ വ്യോമഗതാഗതം നിലച്ചതോടെയാണ് മുള കിട്ടതായത്. ഒരു പാണ്ട 40 കിലോ മുളയാണ് ഒരുദിവസം ഭക്ഷിക്കുന്നത്.
എര് ഷുന്‍, ദാ മാവോ എന്നീ രണ്ട് പാണ്ടകളെ ചൈനയില്‍ നിന്ന് കാനഡയിലെ മൃഗശാല കടമായി വാങ്ങിയതായിരുന്നു. 2018ലാണ് ഇവ കാല്‍ഗറി മൃഗശാലയില്‍ എത്തിയത്. ടൊറന്റോ മൃഗശാലയില്‍ അഞ്ച് വര്‍ഷത്തെ വാസത്തിന് ശേഷമാണ് ഇവ ഇവിടെയെത്തിയത്. 2023വരെയാണ് കാല്‍ഗറി മൃഗശാലയ്ക്ക് ഇവയെ സംരക്ഷിക്കാനുള്ള ചുമതല. എന്നാല്‍ ഒരു മാസത്തോളം നീണ്ട പ്രയത്നം നടത്തിയിട്ടും ചൈനയില്‍ നിന്ന് മുള ഇവിടെ എത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇവയെ തിരികെ അയക്കാന്‍ തീരുമാനിച്ചതെന്നാണ് മൃഗശാല അധികൃതര്‍ വ്യക്തമാക്കിയത്.
ഈ തീരുമാനം മൃഗങ്ങള്‍ക്ക് വേണ്ടിയാണ്. അവയെ സംരക്ഷിക്കാന്‍ പറ്റാത്ത സാഹചര്യം വന്നാല്‍ മറ്റെന്ത് ചെയ്യാന്‍ പറ്റുമെന്നും മൃഗശാല അധികൃതര്‍ ചോദിക്കുന്നു. സാധാരണ മുളകള്‍ ഇവ ഭക്ഷിക്കാന്‍ തയ്യാറല്ലെന്നും മൃഗശാല അധികൃതര്‍ പറഞ്ഞു. മൃഗശാലയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു ഈ രണ്ട് പാണ്ടകള്‍. എന്നാല്‍ ഇപ്പോള്‍ ബിസിനസല്ല പാണ്ടകളുടെ ജീവനാണ് മുഖ്യമെന്നാണ് മൃഗശാല അധികൃതര്‍ വിശദമാക്കിയത്.
Discussion about this post