മനില: ക്രിസ്മസ് പാര്‍ട്ടിക്കിടെ തേങ്ങാ വൈന്‍ കുടിച്ച എട്ട് പേര് മരിച്ചു. 120ഓളം പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആഘോഷ വേളയിലെ ദുരന്തത്തില്‍ ഞെട്ടിയിരിക്കുകയാണ് ഫിലിപ്പീന്‍സ്. ക്രിസ്മസിനോടനുബന്ധിച്ച് നടത്തിയ പാര്‍ട്ടിക്കിടെയാണ് ദാരുണ സംഭവം നടന്നത്.
ദക്ഷിണ മനിലയിലുള്ള ലഗൂണ, ക്വസോണ്‍ പ്രവിശ്യകളിലാണ് വിഷബാധയുണ്ടായത്. അവധിക്കാലങ്ങളിലും ആഘോഷവേളകളിലും വ്യാപകമായി തേങ്ങ വൈന്‍ ഉപയോഗിക്കുന്നത് ഇവിടുത്തുക്കാരുടെ പ്രത്യേകതയാണ്. ലാംബനോങ് എന്ന പേരില്‍ അറിയപ്പെടുന്ന തേങ്ങ വൈനില്‍ നിന്നാണ് വിഷബാധ ഉണ്ടായിരിക്കുന്നത്. നിര്‍മ്മാണത്തിലുണ്ടായ പാളിച്ചയാവാം വിഷബാധയ്ക്ക് കാരണമെന്നാണ് നിഗമനം.
ലഹരി കൂട്ടാന്‍ ഉപയോഗിക്കുന്ന ചില നിയമവിരുദ്ധ വസ്തുക്കള്‍ ഈ വൈനില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വിശദമായ പരിശോധനയില്‍ തെളിയുമെന്ന് ലഗൂണ മേയര്‍ വ്യക്തമാക്കി. വീടുകളില്‍ ഉണ്ടാക്കുന്ന തേങ്ങ വൈനില്‍ മെഥനോള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശമുള്ളതാണ്. മെഥനോള്‍ കൂട്ടി തേങ്ങ വൈന്‍ നിര്‍മ്മിക്കുന്നവര്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കുമെന്നും മേയര്‍ വ്യക്തമാക്കി.
Discussion about this post