ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും ഇനി പ്രധാനമന്ത്രി-കിസാന്‍ യോജനയുടെ ആനുകൂല്യം ലഭിക്കും. കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ ആറായിരം രൂപ ലഭ്യമാക്കുന്ന പ്രധാനമന്ത്രി-കിസാന്‍ യോജനയുടെ പരിധി പൂര്‍ണ്ണമായും ഒഴിവാക്കി ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. രാജ്യത്തെ 15 കോടിയോളം വരുന്ന കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നരേന്ദ്ര സിങ് തോമര്‍. മുമ്പ് രണ്ട് ഹെക്ടററിന് താഴെ ഭൂമിയുള്ള ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് മാത്രമാണ് കിസാന്‍ യോജനയുടെ ആനുകൂല്യം ലഭിച്ചിരുന്നത്.
എന്നാല്‍ ഈ പരിധികള്‍ എല്ലാം ഒഴിവാക്കി രാജ്യത്തെ രണ്ട് കോടിയോളം കര്‍ഷകരെ കൂടി പദ്ധതിയിലേക്ക് ചേര്‍ത്തതായി മന്ത്രി പറഞ്ഞു. മൂന്ന് ഗഡുക്കളായി വര്‍ഷത്തില്‍ ആറായിരം രൂപയാണ് കര്‍ഷകര്‍ക്ക് ഈ പദ്ധതിയിലൂടെ ലഭിക്കുക. 12000 കോടി രൂപയാണ് ഇതിന് അധിക ചെലവായി വരിക. നേരത്തെ 75000 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിരുന്നത്.
Discussion about this post