പാലക്കാട്: കുപ്പിവെള്ളവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ട്രെയിന്‍ യാത്രികന്റെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേല്‍പ്പിച്ച പാന്‍ട്രികാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍.
നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ മുംബൈ സ്വദേശിയായ അഭിഷേക് ബാബുവിനാണ് (24)പൊള്ളലേറ്റത്. സംഭവത്തില്‍ പാന്‍ട്രികാര്‍ ജീവനക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.
കുടിവെള്ളം വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസില്‍ വെള്ളിയാഴ്ചയായിരുന്നു അതിക്രമം.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവങ്ങളുടെ തുടക്കം. വെള്ളം ചോദിച്ച് പാന്‍ട്രി കാറിലെത്തിയ യുവാക്കള്‍ 15 രൂപയുടെ കുപ്പിവെള്ളത്തിനായി 200 രൂപ നല്‍കിയതോടെയാണ് തര്‍ക്കം തുടങ്ങിയത്.
മറന്നുവച്ച കണ്ണടയും തൊപ്പിയും എടുക്കാൻ യുവാക്കൾ പോയപ്പോൾ പാന്‍ട്രികാര്‍ ജീവനക്കാരനായ രാഗേവേന്ദ്ര സിങ്ങ് യുവാക്കള്‍ക്ക് നേരെ തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു.
സംഭവം യുവാക്കള്‍ റെയില്‍വേ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ട്രെയിന്‍ തൃശൂര്‍ എത്തിയപ്പോള്‍ പാന്‍ട്രി കാര്‍ ജീവനക്കാരനെ റെയില്‍വേ പൊലീസ് പിടികൂടുകയായിരുന്നു. മുതുകിനും, കാലിനും പൊള്ളലേറ്റേ അഭിഷേക് ബാബുവിനെ സുഹൃത്തുക്കളും റെയില്‍വേ പൊലീസും ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















Discussion about this post