പത്തനംതിട്ട: പത്തനംതിട്ട എഴുമറ്റൂര്‍ ചുഴനയില്‍ ബസ് കാത്തുനിന്ന വയോധികയെ നിയന്ത്രണംവിട്ട കാര്‍ ഇടിച്ചുതെറിപ്പിച്ചു. ആനിക്കാട് സ്വദേശി പൊടിയമ്മയാണ് മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു.
അയിരൂര്‍-വാഴാങ്കര റോഡിലെ ചുഴനയിലാണ് രാവിലെ അപകടമുണ്ടായത്. ചുഴനയിലെ മകളുടെ വീട്ടിലെത്തി തിരികെ പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു 75 കാരി പൊടിയമ്മ. നിയന്ത്രണം വിട്ടെത്തിയ കാര്‍ പൊടിയമ്മയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സമീപത്തെ വീടിന്റെ ഗേറ്റില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റു പൊടിയമ്മയെ നാട്ടുകാര്‍ ചേര്‍ന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇവര്‍ക്കൊപ്പം ബസ് കാത്തുനിന്ന ബന്ധുവിനും അപകടത്തില്‍ പരിക്കേറ്റു. കാര്‍ ഓടിച്ച തടിയൂര്‍ കുരിശുമുട്ടം സ്വദേശി ഹരിലാലിനെതിരെ പൊലീസ് കേസെടുത്തു. ഹരിലാലും മകളുമാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പെരുമ്പെട്ടി പൊലീസ് പറഞ്ഞു.














Discussion about this post