കോഴിക്കോട്: സംസ്ഥാനത്ത് ജൂണ്‍ 6ന് പ്രഖ്യാപിച്ച ബക്രീദ് അവധി മാറ്റിയ സംഭവത്തില്‍ വിമര്‍ശനം കടുക്കുന്നു. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. കൂടാതെ അധ്യാപിക സംഘടനയായ കെപിഎസ്ടിഎയും വിമര്‍ശനവുമായെത്തി.
നാളത്തെ പെരുന്നാള്‍ അവധി ഇന്ന് റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമാണെന്ന് ഷാഫി പറമ്പില്‍ എംപിയും പ്രതികരിച്ചു. വിദ്യാര്‍ത്ഥികളുടെ ബക്രീദ് അവധി കവര്‍ന്നത് പ്രതിഷേധാര്‍ഹമെന്ന് കെപിഎസ്ടിഎ പറഞ്ഞു. കേരളത്തില്‍ ബക്രീദ് അവധി കലണ്ടര്‍ പ്രകാരം ജൂണ്‍ 6 വെള്ളിയാഴ്ചയാണ്. എന്നാല്‍ ഇപ്പോള്‍ വന്ന സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ബക്രീദ് അവധി വെള്ളിയാഴ്ചയ്ക്ക് പകരം ശനിയാഴ്ചയാക്കി മാറ്റി. ഇതോടെ ശനിയാഴ്ച അവധിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബക്രീദിന് ഒരു ദിവസം പോലും സര്‍ക്കാര്‍ അവധി നല്‍കാത്ത സാഹചര്യമാണ് എന്നാണ് വിമര്‍ശനം.
വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് വെള്ളിയാഴ്ച ബക്രീദ് അവധിയാണ്. ഈ ദിവസം ഒഴിവാക്കിയാണ് പ്രവൃത്തി മണിക്കൂറുകള്‍ ഉള്‍പ്പെടെ കണക്കാക്കിയിട്ടുള്ളത്. എന്നിട്ടും യാതൊരു കാരണവുമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളിയാഴ്ച ബക്രീദ് അവധി നിഷേധിച്ചത് വിവേചനപരവും പ്രതിഷേധാര്‍ഹവുമാണെന്ന് കെപിഎസ്ടിഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് പ്രഖ്യാപിച്ചിട്ടുള്ള വെള്ളിയാഴ്ച അവധി നിലനിര്‍ത്തി കുട്ടികള്‍ക്ക് മതപരമായ കാര്യങ്ങള്‍ക്ക് സമയം അനുവദിക്കണമെന്ന് കെപിഎസ്ടിഎ സംസ്ഥാന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.















Discussion about this post