തൃക്കൊടിത്താനം: കുടുംബശ്രീയുടെ പെണ്‍കരുത്ത് വീണ്ടും മാതൃകയാവുന്നു. സ്ത്രീകളുടെ എണ്ണം കുറവുള്ള പ്രിന്റിങ് പ്രസിലേക്കാണ് ഇവര്‍ കാലെടുത്ത് വെച്ചത്. തൃക്കൊടിത്താനം പഞ്ചായത്തിന്റെ സാംസ്കാരികനിലയിത്തില് പ്രവര്‍ത്തിക്കുന്ന അക്ഷരശ്രീ പ്രസ്സിനു പറയാനുള്ളത് പതിനഞ്ച് പെണ്‍കരുത്തുകളുടെ വിജയകഥയാണ്.
അംബിക കാര്ത്തികേയന്, ഗീതാ ഗോപാലകൃഷ്ണന്, ശോഭനാ ശശി എന്നിവരാണ് അക്ഷരശ്രീയുടെ അമരക്കാര്‍. ഡിഗ്രികളോ മാസ്റ്റര്‍ ഡിഗ്രികളോ ഇല്ലാത്ത പതിനഞ്ചുപേര്‍ ഒരുമിച്ചുനിന്ന് തുടങ്ങിയ പദ്ധതിയാണ് ഈ പ്രസ്. പിന്നീട് അംഗ സംഖ്യ അഞ്ചായി ചുരുങ്ങി. ഇപ്പോള്‍ മൂന്നില്‍ ഒതുങ്ങി. കുടുംബശ്രീ അയല്‍ക്കൂട്ടത്തിലൂടെ ബൈന്‍ഡിങ് വര്‍ക്ക് ചെയ്താണ് എല്ലാവരുടേയും തുടക്കം. മനസാന്നിദ്ധ്യവും ആത്മവിശ്വാസവുമാണ് ഇവരെ ഈ നിലയിലേക്ക് എത്തിച്ചത്.
2002 മേയ് 15നാണ് തൃക്കൊടിത്താനം പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി അക്ഷരശ്രീ പ്രസ്സ്ഥാപിക്കുന്നത്. എന്നാല്‍ ജോലി ചെയ്യാന്‍ തയ്യാറാണെങ്കിലും മുതല്‍ മുടക്കിന്റെ കാര്യത്തില്‍ ഇവര്‍ക്ക് ചെറിയ പ്രശ്നം ഉണ്ടായിരുന്നു, പ്രസ് തുടങ്ങാന്‍ ലക്ഷങ്ങള്‍ വേണം. എന്നാല്‍ തുടക്കത്തില്‍ മാസം 500 രൂപയായിരുന്നു വരുമാനം. പിന്നീട് പ്രിന്റിങ് വര്‍ക്കുകള്‍ ആരംഭിച്ചു. ലാമിനേഷന് മെഷീനില്‍ നിന്നുള്ള വരുമാനം കുറഞ്ഞപ്പോള്‍ മെഷീന് വിറ്റു. 2017-2018ല്‍ ജില്ലയിലെ മികച്ച മൈക്രോസംരംഭമായി തിരഞ്ഞെടുത്തു. അക്ഷരശ്രീ പ്രസിനു കുടുംബശ്രീ സംസ്ഥാന മിഷന്റെ ആദരം ലഭിച്ചു.
പഞ്ചായത്ത് ഫണ്ടില്‍നിന്നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കട്ടിങ്ങ് മെഷീന്, റൂളിങ് മെഷീന് എന്നിവ പഞ്ചായത്ത് നല്കി. പിന്നീട് ഇത് കുടുംബശ്രീയുമായി ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്തു. തൃക്കൊടിത്താനം സിഡിഎസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. കുടുംബശ്രീവഴി രണ്ടര ലക്ഷം രൂപ കടമെടുത്ത് ലാമിനേഷന് മെഷീന് വാങ്ങി. ചങ്ങനാശേരി അടക്കം മറ്റു ജില്ലകളിലെ കുടുംബശ്രീയുടെ കൈപ്പുസ്തകങ്ങളും രജിസ്റ്ററുകളും അച്ചടിക്കുന്ന ജോലി ലഭിച്ചു. ‘ഞങ്ങള്‍ക്കുശേഷവും അക്ഷരശ്രീ ഇവിടെയുണ്ടാകും’ ഇവരുടെ വാക്കുകള്‍ പ്രതീക്ഷയുടെ നക്ഷത്രം പോലെ തിളങ്ങുകയാണ്.
Discussion about this post