കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരേ ക്രിമിനില്‍ ഗൂഢാലോചന കുറ്റം കൂടി ചേര്‍ത്തു. വീട്ടിലേക്ക് പോയ സിദ്ധാര്‍ഥനെ തിരിച്ചുവിളിച്ചത് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഗൂഢാലോചനക്കുറ്റം ചുമത്തിയത്. മര്‍ദനത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നതായും പോലീസ് വ്യക്തമാക്കി.
നേരത്തെ പ്രതികള്‍ക്കെതിരെ കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചുമത്താത്തതില്‍ പോലീസിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. സിദ്ധാര്‍ഥനെ ആള്‍ക്കൂട്ട വിചാരണ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് നാട്ടിലേക്ക് പോയിടത്തുനിന്ന് തിരിച്ചുവിളിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കുന്നുണ്ട്.
ഗൂഢാലോചന വ്യക്തമാണെങ്കിലും നേരത്തെ പോലീസ് പ്രതികളുടെ പേരില്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നില്ല. റാഗിങ് ശക്തമായ വകുപ്പാണെങ്കിലും കൊലപാതകശ്രമം ചുമത്താനുള്ള എല്ലാസാധ്യതകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നുതന്നെ വ്യക്തമാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.
ബിവിഎസ്സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ഥ് കടുത്ത റാഗിങ്ങിനിരയായെന്നാണ് പരാതി.
Discussion about this post