പാലക്കാട്: നിർമാണം നടക്കുന്ന കെട്ടിടത്തിനു മുന്നിലെ റോഡിൽ പരന്നുകിടന്ന പാറപ്പൊടിയിൽ തെന്നി മറിഞ്ഞ സ്കൂട്ടറിലെ യാത്രക്കാരന് ദാരുണമരണം. അഖില ഭാരത അയ്യപ്പ സേവാ സംഘം യൂണിയൻ പ്രസിഡന്റും എൻഎസ്എസ് കുന്നത്തൂർമേട് കരയോഗം സെക്രട്ടറിയുമായ ചിറ്റൂർ റോഡ് ശ്രീഗിരിയിൽ ശങ്കരൻ നായർ (84) ആണു മരിച്ചത്. പിന്നാലെ എത്തിയ കാറിന്റെ അടിയിൽപെട്ടാണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചത്. പാറപ്പൊടിയും കല്ലുമാണ് ശങ്കരൻ നായരുടെ ജീവനെടുക്കാൻ കാരണമായത്.
ജില്ലാ സഹകരണ ബാങ്ക് മുൻ ഉദ്യോഗസ്ഥനും ആഞ്ജനേയ സേവാ സമിതി പ്രസിഡന്റുമായ ശങ്കരൻ നായരുടെ മരണം നാടിനും തീരാനോവായി. ബൈക്ക് ഓടിച്ചിരുന്ന ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കുന്നത്തൂർമേട് ശാരദാലയത്തിൽ സിവി ചന്ദ്രശേഖരനു (62) പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ കൽമണ്ഡപത്തുനിന്നു കുന്നത്തൂർമേട്ടിലേക്കു പോകുകയായിരുന്നു ഇരുവരും. ഇതിനിടെ, കൽമണ്ഡപം ജംക്ഷൻ – കുന്നത്തൂർമേട് റോഡിൽ പാറക്കുളത്തിനു സമീപം 12.30നായിരുന്നു അപകടം. റോഡിലേക്കു തെറിച്ചു വീണ ശങ്കരൻ നായർ, പിന്നാലെയെത്തിയ കാറിനടിയിൽപെട്ടാണ് അപകടമുണ്ടായതെന്നു പോലീസ് പറഞ്ഞു.
തലയ്ക്കു ഗുരുതര ക്ഷതമേറ്റതായും സംശയിക്കുന്നു. പരിസരത്തുണ്ടായിരുന്നവർ ശങ്കരൻ നായരെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ നടക്കും.
also read- കാട്ടാന തിരിഞ്ഞെത്തിയപ്പോൾ ബോധരഹിതനായി വീണു; മുസ്തഫയെ കാലു കൊണ്ട് തട്ടി വലം വെച്ച് തിരികെ കാട് കയറി കൊമ്പൻ; ഞെട്ടവിറക്കുന്ന അനുഭവം
സുഭദ്രയാണു ശങ്കരൻ നായരുടെ ഭാര്യ. മക്കൾ: ഗിരീഷ്, ഗിരിജ. മരുമക്കൾ: സുജ, ബ്രിജേഷ്.
Discussion about this post