കോട്ടയം: കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് നഴ്സായ രശ്മി രാജിന്റെ മരണത്തില്‍, മലപ്പുറം കുഴിമന്തി ഹോട്ടലിലെ മുഖ്യപാചകക്കാരനെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനാണ് പിടിയിലായത്. ഭക്ഷ്യവിഷബാധയേറ്റുള്ള രശ്മിയുടെ മരണത്തില്‍ പോലീസ് നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സായിരുന്ന രശ്മി കഴിഞ്ഞ മാസം 29 നാണ് സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. പിന്നാലെ രശ്മിക്ക് ശാരീരിക അസ്വാസ്ഥ്യമനുഭവപ്പെട്ടു. ഒരു മണിക്കൂറിനുള്ളില്‍ അവശയായ രശ്മിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് അണുബാധയുണ്ടായതാണ് രശ്മിയുടെ മരണത്തിന് കാരണമായതെന്ന് പിന്നീട് വ്യക്തമായി.
കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലിന്റെ അടുക്കള, ഹോട്ടല്‍ നിലനില്‍ക്കുന്ന സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് ഒരുക്കിയിട്ടുള്ളത്. അടുക്കള കെട്ടിടത്തിന് നഗരസഭയുടെ ലൈസന്‍സില്ല. ഒരു മാസം മുമ്പും ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് നഗരസഭ ഹോട്ടലിന് നോട്ടീസ് നല്കി. പക്ഷേ പിന്നീടും ഹോട്ടല്‍ നിര്‍ബാധം പ്രവര്‍ത്തിച്ചു. കൃത്യമായ പരിശോധന പോലും അന്നുണ്ടായില്ല. ഇതിന് പിന്നാലെയാണ് ഇവിടെ നിന്നും ഭക്ഷണം കഴിച്ച രശ്മി മരണമടഞ്ഞതും നിരവധിപ്പേര്‍ ചികിത്സ തേടിയതും.
Discussion about this post