കോട്ടയം: നീലക്കുറിഞ്ഞി കാണണമെന്നുള്ള 87കാരിയായ അമ്മ ഏലിക്കുട്ടിയുടെ ആഗ്രഹം സാധിച്ചുകൊടുത്ത മക്കളാണ് ഇന്ന് മികച്ച മാതൃകയാകുന്നത്. പ്രായമായ മാതാപിതാക്കൾ ഭാരമാണെന്ന് കരുതുന്നവരുള്ള ലോകത്ത് ഈ മക്കൾ നൽകുന്നത് വലിയൊരു ആശയം കൂടിയാണ്.
ഇടുക്കി കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂത്തത് അറിഞ്ഞതോടെ കോട്ടയം മുട്ടുച്ചിറ സ്വദേശി റോജനും കുടുംബവും പോയി കാണാൻ തീരുമാനിച്ചിരുന്നു. ഇതറിഞ്ഞ അമ്മ ഏലിക്കുട്ടി പോൾ തന്റെ ആഗ്രഹം മകനോട് രഹസ്യമായി പറയുകയും ചെയ്തു. അതോടെ അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ തന്നെ മക്കളായ റോജനും സഹോദരൻ സത്യനും മനസിൽ ഉറപ്പിച്ചു.
രണ്ട് കിലോമീറ്ററോളം ഉള്ള യാത്ര ഓഫ് റോഡ് ജീപ്പിൽ ആയിരുന്നു. അവിടെനിന്നും മക്കൾ അമ്മയെ എടുത്ത് കൊണ്ട് കള്ളിപ്പാറയിൽ പൂത്തുലഞ്ഞ നീലക്കുറഞ്ഞി വിരിഞ്ഞ് നിൽക്കുന്നിടത്തിയേക്ക് എത്തിക്കുകയായിരുന്നു.
തങ്ങളെ ഒരുപാട് എടുത്തുകൊണ്ട് നടന്നത് കൊണ്ട് തന്നെ എടുത്ത് കൊണ്ട് നടക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്നാണ് ഇവരുടെ പക്ഷം. നടക്കുമോ എന്ന് ഉറപ്പില്ലാത്ത തന്റെ ആഗ്രഹം മക്കൾ സാധിച്ചതോടെ, ഏലിക്കുട്ടിയുടെ മുഖത്ത് കണ്ടത് ലോകം കീഴടക്കിയതിനേക്കാൾ സന്തോഷമായിരുന്നു.
Discussion about this post