മുംബൈ: മുംബൈ ഹൈയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളിയായ 38കാരൻ സഞ്ജു ഫ്രാൻസിസ് നാടിന്റെ നൊമ്പരമാകുന്നു. കണ്ണൂർ ചാലാട് പടന്നപാലം ‘കൃപ’യിൽ പരേതനായ സണ്ണി ഫ്രാൻസിസിന്റെ മകൻ സഞ്ജുവാണ് ജോലിക്ക് കയറി ആദ്യ ദിനത്തിൽ മരണപെട്ടത്.
ഏറെ നാൾ കാത്തിരുന്ന് കിട്ടിയ ജോലി തന്നെ ജീവൻ എടുത്തതിന്റെ ആഘാതത്തിലാണ് കുടുംബം. ഒ.എൻ.ജി.സി.യുടെ കാറ്ററിങ് കരാർ നോക്കുന്ന സറാഫ് കോർപ്പറേഷനിലാണ് സഞ്ജു ജോലിക്ക് കയറിയത്. രണ്ടുമാസം മുമ്പാണ് ജോലിക്കായി മുംബൈയിലെത്തിയത്.
സൈന്യത്തിലെ ജോലിക്കിടെ പിതാവ് മരിച്ചതിനാൽ അവിടെ ജോലികിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു സഞ്ജുവെന്ന് സഹപാഠിയായിരുന്ന വിശാഖ് പറയുന്നു. ഇത് വൈകിയതോടെയാണ് ജോലി തേടി സഞ്ജു മുംബൈയിലെത്തിയത്. എണ്ണപ്പാടങ്ങളുള്ള മുംബൈ ഓഫ്‌ഷോറിലെ സാഗർ കിരൺ എന്ന റിഗ്ഗിൽ ജോലിക്കു ചേരുന്നതായി ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് അമ്മയെ വിളിച്ചു പറഞ്ഞതിനു ശേഷമാണു ഹെലികോപ്റ്ററിൽ കയറിയത്.

ജോലിക്ക് കയറിയ ദിവസം രാവിലെ 11.30-ഓടെയാണ് മുംബൈ തീരത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെ സഞ്ജു അടക്കം ഒമ്പതുപേരുമായി പറന്ന ഹെലികോപ്റ്റർ കടലിൽ വീണത്. സഞ്ജുവിന്റെ അമ്മയും സഹോദരനും ഒരു ബന്ധുവും ബുധനാഴ്ച മുംബൈയിലെത്തി. മൃതദേഹം കൂപ്പർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്.
മൃതദേഹപരിശോധന കഴിഞ്ഞ് വ്യാഴാഴ്ച ആംബുലൻസിൽ നാട്ടിലേക്ക് അയയ്ക്കാനാണ് തീരുമാനമെന്ന് സഞ്ജു ജോലി ചെയ്ത കാറ്ററിങ് കമ്പനി സറഫ് കോർപ്പറേഷൻ മാനേജർ ഭുപേന്ദർ ഥാപ്പ പറഞ്ഞു. സഹോദരൻ: ഡിക്‌സൺ















Discussion about this post