തിരുവനന്തപുരം: സച്ചിൻ ദേവ് എംഎൽഎയുമായി വിവാഹം ഉറപ്പിച്ചതിനു പിന്നാലെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷമായ സൈബർ ആക്രമണം. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ബാലുശേരി എംഎൽഎ സച്ചിൻ ദേവും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു എന്ന വാർത്ത എത്തിയതിനു പിന്നാലെ നിരവധി പേർ ആശംസകൾ അറിയിച്ചപ്പോഴാണ് സംഘപരിവാർ അനുകൂല പേജുകളിൽ നിന്ന് ആക്രമണം നടക്കുന്നത്.
കോളേജ് ജീവിതവും സൗഹൃദങ്ങളും ചേർത്തുവച്ചാണ് സൈബർ ആക്രമണം നടക്കുന്നത്. സ്ത്രീകളെ ഉന്നമിട്ടുള്ള ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെ തന്നെ പ്രതികരിച്ചു സാംസ്കാരിക നായകരും രംഗത്ത് വന്നു. ബാലസംഘം, എസ്എഫ്ഐ പ്രവർത്തനകാലത്തെ അടുപ്പമാണു വിവാഹത്തിലേയ്ക്ക് എത്തിയതെന്ന് ഇരുവരും വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് സിപിഎം ജില്ലാ കമ്മിറ്റിയംഗമാണ്. കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് ചെയർമാനായിരുന്നു. നിയമബിരുദധാരി കൂടിയാണ്. ബാലസംഘം സംസ്ഥാന പ്രസിഡന്റായിരുന്ന ആര്യ രാജേന്ദ്രൻ തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെയാണു 21ാം വയസ്സിൽ തിരുവനന്തപുരം മേയറായത്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റിയംഗവുമാണ്.
Discussion about this post