തിരുവനന്തപുരം: ട്രാന്‍സ് വനിതയായി ജീവിക്കാനാവില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നല്കിയ അനീറ കബീറിന് ബിആര്‍സിയില്‍ ക്ലസ്റ്റര്‍ കോ ഓഡിനേറ്ററായി നിയമനം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.
മണ്ണാര്‍ക്കാട് ബിആര്‍സിയില്‍ താല്‍ക്കാലിക നിയമനം നല്‍കാമെന്നും പിന്നീട് സ്ഥിരപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്നും അനീറ കബീറിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉറപ്പുനല്‍കി.
ചെര്‍പ്പുളശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപക ജോലിക്കുപകരം അനീറ കബീറിന് മറ്റെന്തെങ്കിലും ജോലി നല്‍കാമെന്ന് മന്ത്രി അറിയിച്ചിരുന്നു. തന്റെ ആവശ്യം പരിഗണിച്ച മന്ത്രിയോട് നന്ദിയുണ്ടെന്നും അനീറ പറഞ്ഞു. സ്കൂളിലാകുമ്പോള്‍ മാസത്തില്‍ 10 ദിവസമേ ജോലി കിട്ടുകയുള്ളൂ. അതുകൊണ്ടാണ് റിസോഴ്സ് അധ്യാപികയായി നിയമനം നല്‍കാമെന്ന് മന്ത്രി വി ശിവന്‍കുട്ടി വാഗ്ദാനം ചെയ്തത്.
അതിനായി വ്യാഴാഴ്ച മണ്ണാര്‍ക്കാട് ബിആര്‍സിയില്‍ ചെന്ന് അപേക്ഷ നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. അവിടെ ചുമതലയേല്‍ക്കുന്നതുവരെ ചെര്‍പ്പുളശ്ശേരി സ്കൂളില്‍ തുടരാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അഭിഭാഷകനെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് അപേക്ഷ നല്കിയ അനീറ കബീര്‍ ഓഫിസിലെത്തി മന്ത്രി വി ശിവന്‍കുട്ടിയ്ക്ക് നേരിട്ട നിവേദനം നല്‍കിയിരുന്നു.
നിലവില്‍ സര്‍ക്കാര്‍ സ്കൂളില്‍ ഉണ്ടായിരുന്ന തത്കാലിക ജോലി നഷ്ടമായതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനീറ മന്ത്രിയെ അറിയിച്ചിരുന്നു. സഹോദരന് അപകടത്തില്‍ പെട്ടു മരിച്ചതിനാല്‍ ആ കുടുംബത്തിന്റെ സംരക്ഷണ ചുമതലയും തനിക്കാണെന്ന് അനീറ പറഞ്ഞിരുന്നു.
Discussion about this post