അമ്പലപ്പുഴ: ആശുപത്രിയില്‍ നിന്നും വിട്ടയച്ച്, യാത്രാച്ചെലവിന് വകയില്ലാതെ വിഷമിച്ച ബംഗളൂരു സ്വദേശിയെ വാടകയില്ലാതെ നാട്ടിലെത്തിച്ച് ആംബുലന്‍സ് ഡ്രൈവര്‍മാര്‍. പുറക്കാട് സ്വദേശികളായ കരൂര്‍ പുതുവല്‍ സജിത്ത് (28), അഴിക്കകത്തുതോപ്പില് മനു (28) എന്നിവരാണ് കാരുണ്യത്തിന്റെ മുഖമായത്.
രണ്ടാഴ്ചയായി ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദ ചികിത്സയിലായിരുന്ന ബംഗളൂരു രാമമൂര്‍ത്തിനഗര്‍ സ്വദേശിയെയാണ് ആശുപത്രിയില്‍ നിന്നും വിട്ടയച്ചത്. ഇദ്ദേഹത്തെ നാട്ടിലെത്തിക്കാന്‍ വഴിയില്ലാതെ ഭാര്യ വിഷമിക്കുന്നത് സാമൂഹികമാധ്യമത്തിലൂടെയാണ് സജിത്തും മനുവും അറിഞ്ഞത്.
വൈകാതെ അവര്‍ ആംബുലന്‍സുമായി ആശുപത്രിയിലേക്കെത്തുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ഇവര്‍ രോഗിയുമായി ബംഗളൂരുവിലേക്ക് പുറപ്പെട്ടു.
പുറക്കാട് കേന്ദ്രമാക്കി ഹാര്‍ട്ട് ബീറ്റ്സ് എന്ന ആംബുലന്‍സിലെ പ്രവര്‍ത്തകരാണ് സജിത്തും മനുവും. ആശുപത്രിയിലുണ്ടായിരുന്ന സുമനസ്സുകള്‍ ചേര്‍ന്നാണ് ആംബുലന്‍സില്‍ ഇന്ധനം നിറയ്ക്കാനുള്ള പണം സ്വരൂപിച്ച് നല്‍കിയത്.
Discussion about this post