കൊഹിമ : സൈന്യത്തിന്റെ വെടിവെയ്പ്പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് വര്‍ഷം തോറും നടത്തി വന്നിരുന്ന ഹോണ്‍ബില്‍ ഉത്സവം പാതിവഴിയില്‍ നിര്‍ത്തിവെച്ച് നാഗാലാന്‍ഡ്. മുഖ്യമന്ത്രി നെയ്ഫു റിയോയുടെ നേതൃത്വത്തില്‍ നടന്ന ക്യാബിനെറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്.
ഈ മാസം ഒന്ന് മുതല്‍ പത്ത് ദിവസമാണ് ഉത്സവം നടക്കേണ്ടിയിരുന്നത്. സംസ്ഥാന തലസ്ഥാനത്തിനടുത്തുള്ള കിസാമയിലെ നാഗ പൈതൃക ഗ്രാമത്തില്‍ നടക്കുന്ന ഉത്സവം സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം മാമാങ്കമാണ്. തിങ്കളാഴ്ച നടന്ന ദാരുണ സംഭവത്തെത്തുടര്‍ന്ന് പ്രഖ്യാപനത്തിന് മുമ്പ് തന്നെ കിഴക്കന്‍ നാഗാലാന്‍ഡിലെ ഗോത്രവര്‍ഗങ്ങള്‍ അവരുടെ അചാരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. ഉത്സവം നിര്‍ത്തി വയ്ക്കണമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഉത്സവത്തിന്റെ മുഖ്യ സംഘാടകരായ ടൂറിസം വകുപ്പ് നാഗ ഹെറിറ്റേജ് വില്ലേജില്‍ സമാപന ചടങ്ങ് നടത്തി.
ഡിസംബര്‍ നാലിനാണ് ഗ്രാമീണര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തത്. അന്ന് എട്ട് പേരാണ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് അഞ്ചിന് നടന്ന സംഘര്‍ഷത്തില്‍ അഞ്ച് പേര് കൂടി കൊല്ലപ്പെട്ടു. നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലായിരുന്നു സംഭവം. ട്രക്കില്‍ വീടുകളിലേക്ക് മടങ്ങുകയായിരുന്ന ഖനി തൊഴിലാളികളെ തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചതാണെന്നാണ് സൈന്യത്തിന്റെ വിശദീകരണം.
Discussion about this post