കൊല്ലം: ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മാധ്യമ പ്രവർത്തകയ്ക്കും റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവിനും നേരെ ട്രെയിനിൽ വച്ച് ആക്രമണം. സംഭവത്തിൽ രണ്ട് യുവാക്കളെ റെയിൽവേ പോലീസ് പിടികൂടി.
കോഴിക്കോട് പുതിയറ തിരുത്തിയാട് കാട്ടുപ്പറമ്പത്ത് വീട്ടിൽ കെ അജൽ (23), കോഴിക്കോട് ചേവായൂർ നെടുലിൽപറമ്പിൽ അതുൽ (23) എന്നിവരാണു കൊല്ലം റെയിൽവേ പോലീസിന്റെ പിടിയിലായത്.
ഇന്നലെ വൈകിട്ടു മലബാർ എക്സ്പ്രസിൽ വെച്ചാണ് ആക്രമണം നടന്നത്. ട്രെയിൻ ചിറയിൽകീഴ് എത്തിയപ്പോൾ ഭർത്താവ് പ്ലാറ്റ്ഫോമിലേക്കു ഇറങ്ങിയിരുന്നു. തുടർന്ന്, ബി3 കംപാർട്മെന്റിൽ യാത്ര ചെയ്തിരുന്ന മാധ്യമ പ്രവർത്തകയോട് അടുത്തെത്തിയ പ്രതികൾ മോശമായി സംസാരിക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
തുടർന്നു, പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന ഭർത്താവിനെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. ഇദ്ദേഹം എത്തി പ്രതികളോടു കാര്യം തിരക്കുന്നതിനിടെ ഇവർ ഇദ്ദേഹത്തെ മർദിക്കുകയുമായിരുന്നു. തുടർന്ന് റെയിൽവേ പോലീസ് എത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Discussion about this post