ന്യൂഡല്‍ഹി: രാജ്യത്തെ ഭരണനിര്‍വഹണം പരിശോധിക്കുന്ന പൊതുകാര്യ സൂചികയില്‍ (പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ്) ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് കേരളം. ബംഗളൂരൂ ആസ്ഥാനമായ സന്നദ്ധ സംഘടന പബ്ലിക് അഫയേഴ്സ് സെന്ററാണ് 2020-21 വര്‍ഷത്തെ സൂചിക പുറത്തുവിട്ടത്. പ്രധാനമായും സമത്വം, വളര്‍ച്ച, സുസ്ഥിരത എന്നീ മൂന്ന് കാര്യങ്ങള്‍ പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്. ദ ഹിന്ദു പത്രമാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, നാഷണല്‍ ഹെല്‍ത്ത് മിഷന് തുടങ്ങിയ അഞ്ചു കേന്ദ്രാവിഷ്കൃത പദ്ധതിയും പരിശോധിച്ചു. മഹാമാരിയെ നേരിട്ട രീതിയും പഠനവിഷയമായി. വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഒന്നാമത്. 18 സംസ്ഥാനങ്ങളാണ് ഈ പട്ടികയിലുള്ളത്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍.
ചെറിയ സംസ്ഥാനങ്ങളില്‍ സിക്കിമാണ് ഒന്നാം സ്ഥാനത്ത്. മണിപ്പൂര്‍ ഏറ്റവും പിന്നില്‍. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പുതുച്ചേരിയാണ് ഒന്നാമത്. ആന്‍ഡമാര്‍ നിക്കോബാര്‍ ദ്വീപുകള്‍ ഏറ്റവുമൊടുവിലും. 1.618 സ്കോറാണ് മൊത്തം പ്രകടനത്തില്‍ കേരളം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനത്തു വന്ന തമിഴ്നാട് 0.897 പോയിന്റു നേടി. തെലങ്കാനയാണ് മൂന്നാമത്, 0.891 പോയിന്റ്. ആദ്യ മൂന്നു സ്ഥാനത്തും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് എന്നതും ശ്രദ്ധേയമായി. ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. -1.418 ആണ് ഉത്തര്‍പ്രദേശിന്റെ സ്കോര്‍. തൊട്ടുമുകളില്‍ ബിഹാറാണ്, സ്കോര്‍ -1.343. ഒഡിഷയും പശ്ചിമബംഗാളുമാണ് ബിഹാറിന് മുകളിലുള്ളത്.
ചെറിയ സംസ്ഥാനങ്ങളില്‍ ഒന്നാമതെത്തിയ സിക്കിം 0.907 പോയിന്റാണ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള ഗോവയ്ക്ക് കിട്ടിയത് 0.748 പോയിന്റ്. 0.659 പോയിന്റോടെ മിസോറാമാണ് മൂന്നാമത്. -0.783 പോയിന്റാണ് ഒടുവിലുള്ള മണിപ്പൂരിന് കിട്ടിയത്.
സമത്വ സൂചിക മാത്രം പരിഗണിക്കുമ്പോള്‍ വലിയ സംസ്ഥാനങ്ങളില്‍ ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. കേരളം രണ്ടാമതും രാജസ്ഥാന് മൂന്നാമതും. വളര്‍ച്ചാ സൂചികയില്‍ തെലങ്കാനയാണ് ഒന്നാം സ്ഥാനത്ത്. കേരളം രണ്ടാമത്.
സുസ്ഥിരതയില്‍ കേരളം ഒന്നാമത്. രണ്ടാമത് തമിഴ്നാടും മൂന്നാമത് ഛത്തീസ്ഗഡും. സമത്വത്തിലും സുസ്ഥിരതയിലും ഏറ്റവും മോശം പ്രകടനം കാഴ്ച വച്ചത് ഡല്‍ഹിയാണ്.
Discussion about this post